കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈ തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം. മകള്‍ സിവക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും വരെയാണ് സൈബര്‍ ഇടത്തില്‍ നടക്കുന്നത്. ചെന്നൈയുടെ പരാജയത്തില്‍ കേദാര്‍ ജാദിവിനും ധോണിയ്ക്കുമെതിരെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനവും ട്രോളും ഉയര്‍ന്നത്. എന്നാല്‍ വിമര്‍ശനത്തിന്റെ എല്ലാ സീമകളും ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണ് ധോണിയുടെ മകള്‍ക്കെതിരെ നടക്കുന്നത്. ധോണിയുടേയും ഭാര്യ സാക്ഷിയുടേയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെയാണ് ആക്രമണം നടക്കുന്നത്.
താരങ്ങളുടെ പ്രകടനം മോശമായാല്‍ അവരുടെ ഭാര്യമാരും കാമുകിമാരുമാണ് സൈബര്‍ ഇടത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത്. വിരാട് കോഹ്ലിയുടെ പ്രകടനം മോശമായാല്‍ കോഹ്ലിയേക്കാള്‍ പഴി കേള്‍ക്കുന്നത് പലപ്പോഴും ഭാര്യ അനുഷ്‌ക ശര്‍മയാണ്. കോഹ്ലിയുടെ പ്രകടനം വിലയിരുത്തുന്നതിനിടയില്‍ സുനില്‍ ഗവാസ്‌കര്‍ അനാവശ്യമായി അനുഷ്‌കയെ പരാമര്‍ശിച്ചതിനെതിരെ നടി തന്നെ രംഗത്തെത്തിയിരുന്നു.
ബുധനാഴ്ച്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 ഓവറില്‍ അഞ്ചിന് 157 റണ്‍സ് എടുക്കാനേ സാധിച്ചിരുന്നുള്ളൂ. 50 റണ്‍സെടുത്ത ഷെയ്ന്‍ വാട്ട്‌സനും 30 റണ്‍സെടുത്ത അമ്പാട്ടി റായിഡുവുമാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്. ധോണി ഉള്‍പ്പടെ മറ്റാര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായിരുന്നില്ല. 12 ബോളില്‍ ഏഴ് റണ്‍സ് മാത്രമാണ് കേദാര്‍ ജാദവ് നേടിയത്. 12 പന്തില്‍ 11 റണ്‍സ് മാത്രമേ ധോണിയ്ക്ക് നേടാന്‍ കഴിഞ്ഞുള്ളൂ.