തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വിസുകളിലും നിയന്ത്രണങ്ങള്‍ക്ക് ആലോചന. സര്‍വിസ് ചുരുക്കുന്നതിന്റെ ഭാഗമായി ഓരോ ട്രെയിനിന്റെയും റിസര്‍വേഷന്‍ പാറ്റേണ്‍ കര്‍ശനമായി നിരീക്ഷിച്ച് നടപടിയെടുക്കാനാണ് തീരുമാനം. യാത്രക്കാര്‍ തീരെ കുറവുള്ള മേഖലകളിലേക്കുള്ള പ്രതിവാര ട്രെയിനുകള്‍ റദ്ദാക്കുകയാണ് ആദ്യ നടപടി. പിന്നീട് പ്രതിദിന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കുറക്കും. സ്ഥിതി വീണ്ടും മോശമായാല്‍ സര്‍വിസ് റദ്ദാക്കാനുമാണ് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം.
നിയന്ത്രണങ്ങള്‍ ശക്തമാവുകയും വര്‍ക്ക് ഫ്രം ഹോം സംവിധാനം പ്രാബല്യത്തില്‍ വരുകയും ചെയ്തതോടെ സംസ്ഥാനത്തോടുന്ന ഭൂരിഭാഗം പ്രതിദിന ട്രെയിനുകളിലും യാത്രക്കാര്‍ വളരെ കുറഞ്ഞെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. വാരാന്ത്യങ്ങളില്‍ റിസര്‍വേഷന്‍ 20 ശതമാനമായി താഴ്ന്ന വേണാട് സ്പെഷല്‍ ട്രെയിന്‍ മെയ് 30 വരെ ശനി, ഞായര്‍ ദിവസങ്ങളില്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷന്റെ ആവശ്യം അംഗീകരിച്ചാണ് റെയില്‍വേ ബോര്‍ഡ് അനുമതി. അമൃത, വഞ്ചിനാട് സ്പെഷലുകളിലും യാത്രക്കാര്‍ കുറഞ്ഞിട്ടുണ്ട്.
ബംഗളൂരുവിലേക്ക് മൂന്നോളം പ്രതിദിന സര്‍വിസുകളും പ്രതിവാര സര്‍വിസുകളും നടത്തിയിരുന്നു. എന്നാല്‍ കര്‍ണാടകയിലെ കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ രണ്ട് പ്രതിവാര ട്രെയിനുകള്‍ (കൊച്ചുവേളി-ബാനസവാടി, എറണാകുളം-ബാനസവാടി) റദ്ദാക്കി.മേയ് നാല് മുതല്‍ കേരളത്തിലും നിയന്ത്രണങ്ങള്‍ ശക്തമാകുന്നതോടെ യാത്രക്കാര്‍ കുറയുമെന്നാണ് വിലയിരുത്തല്‍.