തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന. അമ്പലമുക്കിലെ ഫ്‌ലാറ്റില്‍ ആണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ദിവസവും കസ്റ്റംസ് ഇവിടെ പരിശോശന നടത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ സരിത്തുള്‍പ്പെട്ട എട്ട് ഇടപാടുകളെ കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്ന സുരേഷ് മുങ്ങിയതിന് പിന്നില്‍ ഉന്നതതല ബന്ധമെന്ന് സംശയം. കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സ്വപ്ന ഫ്ളാറ്റ് വിട്ടതാണ് ദുരൂഹത കൂട്ടുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് വിവരം ചോര്‍ത്തിയതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കും.
ഞായറാഴ്ചയാണ് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജ് പൊട്ടിച്ച് കസ്റ്റംസ് സ്വര്‍ണം കണ്ടെത്തുന്നത്. എന്നാല്‍ ശനിയാഴ്ച തന്നെ കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷ് സ്ഥലംവിട്ടിരുന്നു. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലാണ് ശനിയാഴ്ച തന്നെ സ്വപ്ന ഫ്ളാറ്റ് വിട്ടതായി സ്ഥിരീകരിച്ചത്.
സ്വര്‍ണം കണ്ടെടുക്കുന്നതിന് നാല് ദിവസം മുമ്പ് കസ്റ്റംസ് അധികൃതര്‍ ബാഗേജ് പരിശോധിക്കാന്‍ യുഎഇ കോണ്‍സുലേറ്റിന്റെ അനുമതി തേടിയിരുന്നു. ആദ്യം അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും യുഎഇയിലുള്ള അബാസഡറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ഞായറാഴ്ച ബാഗേജ് പരിശോധിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. എന്നാല്‍ ഇതിനിടെ തന്നെ സ്വപ്ന സുരേഷ് മുങ്ങുകയായിരുന്നു.