കൊച്ചി:ജ്വല്ലറികളിൽ നിന്നു സ്വർണാഭരണം വാങ്ങുന്നവർ ജാഗ്രതൈ! ബിൽ സൂക്ഷിച്ചില്ലെങ്കിൽ വെട്ടിലായേക്കാം. ജിഎസ്ടി ഉദ്യോഗസ്ഥർ സ്വർണാഭരണ ഇടപാടുകൾ സസൂഷ്മം വീക്ഷിക്കുന്നുണ്ട്.
ജ്വല്ലറികളിൽ നിന്ന് സ്വർണാഭരണം വാങ്ങിയ ചിലർക്ക് കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പിന്റെ സമൻസ് ലഭിച്ചിരുന്നു. എറണാകുളം ജില്ലയിലെ പെരുമാനൂരിലാണ് സംഭവം. സ്വർണം വാങ്ങിയ ബില്ലുമായി ഉപയോക്താക്കൾ ജിഎസ്ടി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ബില്ലും തെളിവുകളും ഹാജരാക്കിയില്ലെങ്കിൽ ഇന്ത്യൻ പീനൽ കോഡ് 174, 175, 193, 228 എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണെന്നും സമൻസിൽ വ്യക്തമാക്കിയിട്ടുണ്ട്. 2019 ജനുവരി മുതൽ 2020 മാർച്ച് വരെ വാങ്ങിയ സ്വർണാഭരണങ്ങളെ സംബന്ധിക്കുന്ന രേഖകൾ ഹാജരാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം ജ്വല്ലറികളുടെ പ്രത്യേക പദ്ധതികൾ പ്രകാരം ആഭരണങ്ങൾ വാങ്ങിയ ഇടപാടിൽ സംശയം തോന്നിയതിനാൽ ബില്ലുകൾ ഹാജരാക്കാൻ ചില ഉപയോക്താക്കളോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് ജിഎസ്ടി അധികൃതർ വ്യക്തമാക്കി.സ്പെഷൽ സ്കീമുകളുടെ പേരിൽ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള നടപടിക്രമം മാത്രമായിരുന്നു ഇതത്രേ. സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി സ്വർണ വ്യാപാര മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് വ്യാപാരികൾ ആക്ഷേപിക്കുന്നു. സ്വർണാഭരണ പ്രേമികൾ ബില്ലെടുത്ത് സൂക്ഷിച്ചു വെക്കുക തന്നെ വേണം.