വീണ്ടും കൊടുംക്രൂരത; നായയുടെ വായ ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് വരിഞ്ഞു ചുറ്റി, ഭക്ഷണം പോലും കഴിക്കാതെ മിണ്ടാപ്രാണി കഴിഞ്ഞത് രണ്ടാഴ്ച
തൃശൂര്‍: ആനയ്ക്ക് പിന്നാലെ മിണ്ടാപ്രാണിയായ നായയോടും ക്രൂരത. നായയുടെ വായ ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് വരിഞ്ഞു ചുറ്റി വെച്ചത് രണ്ടാഴ്ച. വായ തുറക്കാനാവാതെ ഒന്നും ഭക്ഷിക്കാന്‍ സാധിക്കാതെ രണ്ടാഴ്ച കഴിച്ചുകൂട്ടുകയായിരുന്നു ആ മിണ്ടാപ്രാണി. ടേപ്പ് മുഖത്തെ മാംസത്തിലേക്ക് താഴ്ന്ന് ഇറങ്ങിയ നിലയിലായിരുന്നു. ടേപ്പ് മാറ്റിയപ്പോള്‍ ആര്‍ത്തിയോടെ വെള്ളം കുടിക്കുകയായിരുന്നു നായ. ടേപ്പ് മാറ്റിയപ്പോള്‍ ആവും വിധം നായ കരഞ്ഞു.
തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരിലാണ് നായയെ കണ്ടെത്തിയത്. ടേപ്പ് ചുറ്റിയ നിലയില്‍ പരക്കം പാഞ്ഞ് നടന്ന നായയെ പിന്നീട് കണ്ടെത്തിയത് അവശ നിലയായിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ രംഗത്തെ സന്നദ്ധ സംഘടനയായ പോസ് (പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ സര്‍വീസ്) പ്രവര്‍ത്തകര്‍ എത്തിയാണ് നായയെ രക്ഷിച്ചത്.
നായയുടെ താടിയെല്ല് ചേര്‍ത്ത് മൂക്കിന് മുകളിലായി വലിച്ച് മുറുക്കി ടേപ്പ് ചുറ്റിയ നിലയിലായിരുന്നു. ഭക്ഷണം കഴിക്കാനോ ശബ്ദമുണ്ടാക്കാനോ ആവാത്ത നിലയിലായിരുന്നു നായ. വൈദ്യ സഹായം നല്‍കിയ ശേഷം നായയെ പോസിന്റെ കോളങ്കാട്ടുകര സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി.