മലപ്പുറം: വളർത്തു നായയെ ബൈക്കിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ഉടമയുടെ ക്രൂരത. മലപ്പുറം എടക്കരയിലാണ് സംഭവം. എടക്കര സ്വദേശി സേവ്യറാണ് നായയെ കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചത്.
സംഭവത്തിൽ മൃഗസ്നേഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സേവ്യറിനെതിരെ പോലീസ് കേസെടുത്തു.
പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളമാണ് ഇയാൾ നായയെ വലിച്ചിഴച്ചത്. സംഭവം കണ്ട മറ്റ് വാഹനയാത്രികർ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നിർത്താതെ പോകുകയായിരുന്നു. തുടർന്ന് കൂടുതൽ നാട്ടുകാർ ഇടപെട്ടതോടെ ഇയാൾ നായയുടെ കെട്ടഴിച്ച് ശേഷം ബൈക്കിൽ കടന്നു കളഞ്ഞു.
ശല്യമായതിനാൽ നായയെ കളയാൻ കൊണ്ടു പോകുകയായിരുന്നുവെന്നാണ് സേവ്യറിന്റെ വാദം. സേവ്യറിന്റെ ക്രൂര പ്രവർത്തിക്കെതിരെ നാട്ടുകാർ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News