സൈനികര്‍ക്ക് ബൈക്ക് ആംബുലന്‍സ് സംവിധാനവുമായി സി.ആര്‍.പി.എഫ്
ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ സൈനികര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാനായി ബൈക്ക് ആംബുലന്‍സ് സംവിധാനത്തിന് തുടക്കം കുറിക്കാനൊരുങ്ങി സിആര്‍പിഎഫ്. നാളെ ഡല്‍ഹിയില്‍ ആദ്യ ബൈക്ക് ആംബുലന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സിആര്‍പിഎഫും ഡിആര്‍ഡിഒയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈയ്ഡ് സയന്‍സും സംയുക്തമായാണ് ബൈക്ക് ആംബുലന്‍സ് വികസിപ്പിച്ചിരിക്കുന്നത്. രക്ഷിത എന്നാണ് സേവനത്തിന് പേര് നല്‍കിയിരിക്കുന്നത്.
ഭീകരരുമായുള്ള ഏറ്റുമുട്ടലുകളില്‍ പരിക്കേല്‍ക്കുന്ന ജവാന്മാര്‍ക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുകയാണ് ബൈക്ക് ആംബുലന്‍സിന്റെ ലക്ഷ്യം. ബിജാപ്പൂര്‍, സുക്മ, ദന്തേവാഡ എന്നീ മേഖലകളിലെല്ലാം ഈ സേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്രദമായിരിക്കുമെന്നാണ് സിആര്‍പിഎഫിന്റെ വിലയിരുത്തല്‍. ഈ പ്രദേശങ്ങള്‍ വനമേഖലകളായതിനാല്‍ തന്നെ ഇവിടെ വലിയ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും എത്തിച്ചേരാന്‍ പ്രയാസമായിരിക്കും.
കമ്യൂണിസ്റ്റ് ഭീകര സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലേക്കും ഇടുങ്ങിയ റോഡുകളുള്ള സ്ഥലങ്ങളിലേക്കും വേഗത്തില്‍ എത്തിച്ചേരാന്‍ ബൈക്കുകള്‍ക്ക് കഴിയുമെന്ന് മനസിലാക്കിയതോടെയാണ് ഇത്തരമൊരു ആശയം ആവിഷ്‌ക്കരിച്ചത്. വൈദ്യസഹായം കൃത്യസമയത്ത് നല്‍കാത്തതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ബൈക്ക് ആംബുലന്‍സ് സേവനം ആരംഭിച്ചത്.