KeralaNews

സിനിമയിലെ അധോലോകമാഫിയയെ ഇടത് സര്‍ക്കാറിനും ഭയമാണോ’: ശ്രീജിത്തിനെ മാറ്റിയതില്‍ വ്യാപക വിമര്‍ശനം

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ച് പണി നടത്താനുള്ള തീരുമാനം കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്പോര്‍ട് കമ്മീഷണറെയുമായിരുന്നു അഴിച്ചു പണിയുടെ ഭാഗമായി മാറ്റിയത്. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിച്ചപ്പോള്‍ പകരക്കാരനായി എത്തിയത് ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബാണ്.

സുദേഷ് കുമാര്‍ ജയില്‍ മേധാവിയാകും. ട്രാന്‍സ്പോര്‍ട് കമ്മീഷണറായിരുന്ന എം ആര്‍ അജിത് കുമാര്‍ വിജിലന്‍സ് മേധാവിയാകും. അതേസമയം പൊലീസ് തലപ്പത്തെ അഴിച്ച് പണി വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. നടിയെ ആക്രമിച്ചതുള്‍പ്പടേയുള്ള കേസുകളില്‍ ക്രൈംബ്രാഞ്ച് നിര്‍ണ്ണായഘട്ടത്തിലിരിക്കെ തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിലാണ് സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയരുന്നത്.

എസ് ശ്രീജിത്തിനെ മാറ്റിയതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ദിലീപ് കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ ശ്രീജിത്തിനെ കേസന്വേഷണത്തില്‍നിന്ന് മാറ്റിയസംഭവം സിനിമയിലെ അധോലോകമാഫിയയെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനും ഭയമാണെന്ന തോന്നല്‍ ഉണ്ടാക്കുന്നു എന്നാണ് എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒകെ ജോണി കുറ്റപ്പെടുത്തുന്നത്.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസന്വേഷണം പുരോഗമിക്കുന്ന ഈ നിര്‍ണ്ണായക ഘട്ടത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ഇടതുപക്ഷസര്‍ക്കാരിലുള്ള വിശ്വാസ്യതയെ തീര്‍ത്തും സംശയാസ്പദമാക്കിയ നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഓകെ ജോണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

സിനിമയിലെ അധോലോകമാഫിയയെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനും ഭയമാണെന്ന തോന്നല്‍ ഇടതുപക്ഷക്കാരായ മലയാളികളെപ്പോലും ബോദ്ധ്യപ്പെടുത്തുവനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്? ദിലീപ് കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ ശ്രീജീത്തിനെ കേസന്വേഷണത്തില്‍നിന്ന് മാറ്റിയസംഭവം ആ സംശയമാണുണ്ടാക്കുന്നത്.

കേസന്വേഷണം പുരോഗമിക്കുന്ന ഈ നിര്‍ണ്ണായക ഘട്ടത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ഇടതുപക്ഷസര്‍ക്കാരിലുള്ള വിശ്വാസ്യതയെ തീര്‍ത്തും സംശയാസ്പദമാക്കിയിരിക്കുന്നു. ഒരു മാര്‍ക്‌സിസ്റ്റായിരിക്കുന്നതില്‍ എക്കാലത്തും അഭിമാനിക്കുന്ന എന്നെപ്പോലുള്ള നിരവധിയാളുകളെ ഈ സര്‍ക്കാരിന്റെ ചെയ്തി ലജ്ജിപ്പിക്കുന്നു.

പൗരനെന്ന നിലയില്‍ ആ സംഭവത്തിലുള്ള എന്റെ പ്രതിഷേധവും, നിയമസംവിധാനത്തെ അട്ടിമറിക്കുവാന്‍ കുറ്റവാളികളോടൊപ്പം കൂട്ടുനില്‍ക്കുന്ന കേരളത്തിലെ ആഭ്യന്തരവകുപ്പിനെക്കുറിച്ചുള്ള ആശങ്കയും രേഖപ്പെടുത്താതെവയ്യ. കേരളസര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നു. ആ നിഴല്‍ വരാനിരിക്കുന്ന വലിയ അന്ധകാരത്തിന്റെ മുന്നോടിയാണ്. സര്‍ക്കാര്‍ ഈ തെറ്റായ നടപടി തിരുത്തിയേ തീരൂ. അതുണ്ടായില്ലെങ്കില്‍, സര്‍ക്കാരിനെന്നപോലെ കേരളത്തിനും അത് ദോഷകരമായിരിക്കും.- അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചു.

ക്രൈംബ്രാഞ്ച് മേധാവി എ ഡി ജി പി എസ്ശ്രീ ജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ എസ് നുസൂറും രംഗത്ത് എത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ചതിന് ശേഷം ആദ്യമായെടുത്ത തീരുമാനമാണിത്. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

പി. ശശി ആരാണെന്നും എന്താണെന്നും കേരളം കണ്ടതാണ്. കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് തുടങ്ങിവെച്ച പോരാട്ടമാണ് നടിയെ ആക്രമിച്ച കേസ്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വീഴ്ച സംഭവിച്ചാല്‍ അത് കോണ്‍ഗ്രസ് ചൂണ്ടികാട്ടുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker