കട്ടപ്പുറത്താകുമോ കെ.എസ്.ആര്‍.ടി.സി; ഡ്രൈവര്‍മാരില്ലാതെ ഇന്നും നിരവധി സര്‍വ്വീസുകള്‍ മുടങ്ങി
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2320 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലയിലടങ്ങളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി. കൊട്ടാരക്കരയില്‍ 17, ചടയമംഗലം 16, എറണാകുളം 5, ആലുവ 5, കോട്ടയം 33, അങ്കമാലി 7, പൊന്നാനി 5, മലപ്പുറം 5, പത്തനംതിട്ട 21, ആലപ്പുഴ 16 ഉം സര്‍വീസകളാണ് ഇന്നും മുടങ്ങിയിരിക്കുന്നത്. ഇന്നലെ 580 സര്‍വീസുകളാണ് റദ്ദാക്കിയത്.
179 ദിവസം തുടര്‍ച്ചയായി ജോലിയില്‍ ഉണ്ടായിരുന്ന താത്കാലിക ഡ്രൈവര്‍മാരെ ജൂണ്‍ 30 മുതല്‍ പിരിച്ചു വിട്ടിരുന്നു. എന്നാല്‍, സര്‍വീസുകള്‍ തടസപ്പെടാതിരിക്കാന്‍ ഇവരില്‍ ചിലരെ പല യൂണിറ്റുകളിലും വേതനാടിസ്ഥാനത്തില്‍ നിയോഗിച്ചിരുന്നു. ഇതിനെതിരെ പി.എസ്.സി ലിസ്റ്റില്‍ ഉണ്ടായിരുന്നവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നടപടിയ്ക്ക് നിര്‍ദേശം നല്‍കിയത്.