തിരുവനന്തപുരം: തിരുവനന്തപുരം ഉദിയന്‍കുളങ്ങരയിലെ സി.പി.എം ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തക തൂങ്ങിമരിച്ച സംഭവത്തില്‍ പാര്‍ട്ടിയിലെ പ്രദേശിക നേതാക്കള്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം. രണ്ട് പ്രദേശിക നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിപ്പെട്ടിട്ടും പാര്‍ട്ടിയില്‍ നടപടി ഉണ്ടായില്ലെന്നും കത്തില്‍ പറയുന്നു.
സി.പി.എം പ്രവര്‍ത്തകയും ആശ വര്‍ക്കറുമായ അഴകിക്കോണം തെക്കേ ഭാഗത്ത് പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ ആശ (41) ആണ് ഇന്നലെ പാര്‍ട്ടി ഓഫീസിനു വേണ്ടി വാങ്ങിയ കെട്ടിടത്തില്‍ ജീവനൊടുക്കിയത്. ഇന്നലെ പാറശാല പാര്‍ട്ടി ഓഫീസില്‍ നടന്ന കമ്മിറ്റിയില്‍ ആശ പങ്കെടുത്തിരുന്നു.
രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അമന്വഷണത്തിലാണ് കെട്ടിടത്തില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ടി കമ്മിറ്റിയില്‍ നിന്നുണ്ടായ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ഇന്നലെതന്നെ കുടുംബം ആരോപിച്ചിരുന്നു.
സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രാജന്‍, ജോയ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. നിരന്തര ചൂഷണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുറിപ്പില്‍ പറയുന്നു. പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ തടഞ്ഞത്. എന്നാല്‍ ആശയ്ക്ക് പാര്‍ട്ടി ഘടകകങ്ങളിലൊന്നും അംഗത്വമില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടിയുടെ കെട്ടിടത്തിലല്ല, കെട്ടിടം പണിയാനായി വാങ്ങിയ സ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും സി.പി.എം പറയുന്നു.