ചെറുതോണി: സിപിഎം ഇടപെട്ട് സഹായം നൽകിയതോടെ ശ്രുതിമോളുടെ പഠനത്തിലെ പ്രതിസന്ധി നീങ്ങി. ആഗ്രഹിച്ച പ്രകാരം തന്നെ മലബാർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ശ്രുതിമോൾക്ക് പ്രവേശനം ലഭിച്ചു. ഫീസിന്റെ ആദ്യഗഡുവായ ഏഴു ലക്ഷം രൂപ അടയ്ക്കാൻ നിർവ്വാഹമില്ലാതെ കഷ്ടപ്പെടുന്ന വേളയിലാണ് സിപിഎം തുണച്ചത്. ഏഴു ലക്ഷം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി നൽകി. ഇതോടെയാണ് ശ്രുതിക്ക് പ്രവേശനം ലഭിച്ചത്.
അച്ഛൻ മരിച്ചതിനുശേഷം അമ്മ ബിന്ദു കൂലിപ്പണിയെടുത്താണ് ശ്രുതിമോളെയും അനുജത്തിയെയും വളർത്തിയത്. ചോർന്നൊലിക്കുന്ന കൂരയിലെ ചാണകം മെഴുകിയ തറയിലിരുന്ന് പഠിച്ച ശ്രുതിമോൾ 91.6 ശതമാനം മാർക്കോടെ പ്ലസ്ടു പാസായത്. ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലും പാലായിൽ എൻട്രൻസ് പരിശീലനം നേടി. രണ്ടാംവട്ടം പരീക്ഷ എഴുതിയപ്പോൾ 4203-ാം റാങ്ക് ലഭിച്ചു. എന്നാൽ, ഏതെങ്കിലും മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയാൽ മാത്രമേ വിദ്യാഭ്യാസ വായ്പ ലഭിക്കൂവെന്ന നിബന്ധന പ്രശ്നമായി.
ഇതാണ് പഠനത്തിന് വെല്ലുവിളിയായത്. പ്രവേശനം നേടണമെങ്കിൽ ആദ്യവർഷത്തെ ഫീസടയ്ക്കണം. അതാകട്ടെ ഏഴു ലക്ഷവും. ഈ ഭീമമായ തുക കണ്ടെത്താൻ നിർധനരായ കുടുംബത്തിന് സാധിക്കാതെ വന്നു. ഈ ദുരിതം വാർത്തയായതോടെയാണ് ശ്രുതി മോൾക്ക് താങ്ങായി സിപിഎം കൈകോർത്ത് എത്തിയത്. വാർത്ത കണ്ട സി.പി.എം. ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ശ്രുതിമോളുടെ വീട്ടിലെത്തി ആദ്യവർഷത്തെ ഫീസ് നൽകാമെന്ന് ഉറപ്പുനൽകി. തുടർന്നാണ് ശ്രുതിമോൾ മലബാർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.
സി.പി.എം. നേതാക്കൾ വായ്പയെടുത്താണ് ആദ്യഗഡു നൽതിയത്. തുടർന്ന്, 12-ന് സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പാഴ്വസ്തുക്കൾ ശേഖരിക്കും. ഇത് വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് വായ്പ തീർക്കുകയും ചെയ്യും. ബാക്കി തുക ശ്രുതിമോളുടെ അക്കൗണ്ടിലേക്ക് നൽകുമെന്ന് നേതൃത്വം അറിയിച്ു. സുമനസ്സുകളിൽനിന്ന് ലഭിക്കുന്ന തുകയും അക്കൗണ്ടിലേക്ക് കൈമാറും.