തിരുവനന്തപുരം : സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞ കേസിൽ മൂന്ന് എ ബി വി പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാൽ , സതീർഥ്യൻ,ഹരി ശങ്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ അഞ്ചുമണിയോടെ ഇവർ ചികിൽസയിലുണ്ടായിരുന്ന ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ ചോദ്യം ചെയ്യുകയാണ്. ഇനി മൂന്നുപേരെ കണ്ടെത്താൻ ഉണ്ടെന്ന് പൊലീസ് അറിയിച്ചു, സി സി ടി വിയിൽ നിന്ന് ആണ് പ്രതികളെ തിരിച്ചറിഞ്ഞത്.
സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞ കേസിൽ ആറ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇപ്പോൾ കസ്റ്റഡിയിലെടുത്ത മൂന്നുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഇന്നലെ ഇവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയെങ്കിലും പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് പ്രവർത്തകർ പൊലീസിനെ തടഞ്ഞിരുന്നു
വഞ്ചിയൂരിലെ സംഘർഷത്തിൽ പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആശുപത്രിയിൽ നിന്ന് ഇറങ്ങി സി പി എം ഓഫീസിന് നേരെ കല്ലെറിഞ്ഞു എന്നാണ് പോലീസ് പറയുന്നത് . ആശുപത്രിയിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി.
എൽഡിഎഫ് മേഖലാ ജാഥ കടന്നു പോകുന്നതിനിടെ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി പി എം കൗൺസിലര്‍ ഗായത്രി ബാബുവിന് എ ബി വി പിക്കാര്‍ നിവേദനം നൽകിയതിനെ ചൊല്ലിയായിരുന്നു വഞ്ചിയൂരില്‍ എ ബി വി പി സി പി എം സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തിന് പിന്നാലെ എ ബി വി പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായിരുന്നു. വഞ്ചിയൂരിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റവർ അടക്കമാണ് മേട്ടുക്കടയില്‍ സി പി എം ഓഫീസിന് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
സംഘർഷത്തിന് ശേഷം ആറ്റുകാലുള്ള ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്ന എ ബി വി പി പ്രവർത്തകരാണ് പുലര്‍ച്ചെ എത്തി സിപിഎം ഓഫീസ് ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത് . അക്രമികള്‍ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവൽ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു.