32.8 C
Kottayam
Saturday, May 4, 2024

സി.പി.എമ്മിൻ്റെ കാലിൽ വീണ് ഏഷ്യാനെറ്റ് ന്യൂസ്; എകെജി സെന്ററിലെത്തി കോടിയേരിയെ കണ്ടു, പാർട്ടി നേതാക്കൾ ചർച്ചകളിൽ പങ്കെടുക്കും

Must read

തിരുവനന്തപുരം:ചാനല്‍ ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി എകെജി സെന്ററിലെത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയെ കണ്ടു. സിപിഐഎം മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉറപ്പുനല്‍കിയതോടെ ബഹിഷ്‌കരണം പിന്‍വലിക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

സംസാരിക്കാന്‍ ആവശ്യമായ സമയം അനുവദിച്ച് നല്‍കും, ഏകപക്ഷീയമായ ചര്‍ച്ചകള്‍ ആകില്ല തുടങ്ങിയ ഉറപ്പിന്മേലാണ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ധാരണയായതെന്ന് സിപിഐഎം സ്ഥിരീകരിച്ചു. അധികം വൈകാതെ തന്നെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രതികരിക്കുമെന്നും സിപിഐഎം അറിയിച്ചു.

‘പിശകുകള്‍ പരിഹരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉറപ്പ് നല്‍കി’ എന്ന് അവകാശപ്പെട്ട് ബാലസംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ. എം രണ്‍ദീഷ് രംഗത്തെത്തി. അര്‍ഹിക്കുന്ന പരിഗണന പാര്‍ടിക്ക് ലഭിച്ചാല്‍ മതിയെന്ന് സിപിഐഎം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതായി രണ്‍ദീഷ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രത്യേക പരിഗണനയുടെ ആവശ്യമൊന്നുമില്ല. ഏഷ്യാനെറ്റ് തെറ്റ് തിരുത്തിയ സാഹചര്യത്തില്‍ അവരുടെ ചര്‍ച്ചകളില്‍ സിപിഐഎം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സഖാവ് കോടിയേരി വ്യക്തമാക്കിയെന്നും രണ്‍ദീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

സിപിഐ എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ അവതരിപ്പിക്കാനും പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് ചാനലിലെ ചര്‍ച്ചകള്‍ മാറിയെന്നാരോപിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സിപിഐഎം തീരുമാനിച്ചത്.

ചാനല്‍ ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തങ്ങളുടെ നിലപാട് അവതിരിപ്പിക്കുന്ന വേദിയാണ്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച സിപിഐ എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ അവതരിപ്പിക്കാനും പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ് ഈ ചാനലിലെ ചര്‍ച്ചകളില്‍ സിപിഐ എം പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

സാധാരണനിലയില്‍ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവര്‍ക്കൊപ്പം നില്‍ക്കുന്ന അവതാരകരുടെയും അഭിപ്രായങ്ങള്‍ക്ക് മറുപടി പറയേണ്ടത് സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്. എന്നാല്‍ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകന്‍ നിരന്തരം ഇടപെടുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പങ്കെടുത്ത ചര്‍ച്ച പതിമൂന്നു തവണയാണ് അവതാരകന്‍ തടസ്സപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് സംസാരിക്കുമ്പോള്‍ പതിനേഴു തവണയും സ്വരാജ് സംസാരിക്കുമ്പോള്‍ പതിനെട്ടു തവണയുമാണ് അവതാരകന്‍ തടസ്സപ്പെടുത്തിയത്. മൂന്ന് രാഷ്ട്രീയ എതിരാളികളും അവതാരകനും അടക്കം നാലു പേര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മുപ്പത് സെക്കന്‍ഡില്‍ സിപിഐ എം പ്രതിനിധി മറുപടി പറയണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളില്‍ മറുപടി പറയുമ്പോഴും മൈക്ക് ഓഫ് ചെയ്യുന്ന അസഹിഷ്ണുതയുടെ പ്രകടനത്തിനും ഇത്തരം ചര്‍ച്ചകള്‍ സാക്ഷിയാകുന്നു.

വസ്തുതകളെ ഭയക്കുന്ന ഈ മാധ്യമം സിപിഐ എം നിലപാടുകള്‍ ജനങ്ങള്‍ അറിയരുതെന്നാണ് ആഗ്രഹിക്കുന്നത്. ജനാധിപത്യപരമായ സംവാദത്തിന്റെ എല്ലാ സാധ്യതകളെയും കൊട്ടിയടയ്ക്കുന്നു. സിപിഐ എമ്മിന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനും എതിരാളികളും അവതാരകരും ഉന്നയിക്കുന്ന നുണകള്‍ തുറന്നു കാണിക്കാനുമുള്ള അവകാശം ഇല്ലാത്ത ഒരു ചര്‍ച്ചാവേദിയില്‍ പങ്കെടുക്കുന്നത് തെറ്റാണെന്ന് സിപിഐ എം കരുതുന്നു. അതുകൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചകളില്‍ സിപിഐ എം പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം. ഏഷ്യാനെറ്റും മനോരമയും ഉള്‍പ്പെടെ പല മാധ്യമങ്ങളും തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ നല്‍കി സിപിഐ എം വിരുദ്ധ മനോഭാവം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതെല്ലാം സമൂഹ മാധ്യമങ്ങളില്‍ അപ്പപ്പോള്‍ തുറന്നു കാട്ടപ്പെടുന്നുണ്ട്. സിപിഐ എം വിരുദ്ധ വ്യാജവാര്‍ത്തകള്‍ പ്രവഹിക്കുമ്പോഴും ഒരു ചാനലും ബഹിഷ്‌കരിക്കാന്‍ സിപിഐ എം തീരുമാനിച്ചിരുന്നില്ല. എന്നാല്‍ സംവാദത്തിന്റെ ജനാധിപത്യ മര്യാദകള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ് ഈ തീരുമാനം. സംവാദത്തിന്റെ ലക്ഷ്യം വ്യത്യസ്തമായ നിലപാടുകള്‍ ജനങ്ങളെ അറിയിക്കുക എന്നതാണ്. ജനാധിപത്യ വിരുദ്ധസമീപനമില്ലാത്ത ഏതു ചാനലിലൂടെയും സിപിഐ എമ്മിന്റെ അഭിപ്രായവും നിലപാടുകളും അറിയാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week