മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തിയ സി.പി.എം ലോക്കല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; സംഭവം വിവാദത്തില്‍
തിരുവനന്തപുരം: അനുമതി വാങ്ങാതെ ക്ഷേത്ര ദര്‍ശനം നടത്തിയ സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി. മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോയ സി.പി.എം വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെയാണ് പാര്‍ടി അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്ക് ഏരിയ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്.
ബേബി സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലെ കൊല്ലൂര്‍ മൂകാംബിക ദേവി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തിയിരുന്നു. ആറ് ദിവസമായിരുന്ന യാത്ര. ഇതേ സമയത്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പാര്‍ട്ടിയുടെ കത്ത് വാങ്ങാനെത്തിയവര്‍ക്ക് ബേബിയെ കാണാന്‍ കഴിഞ്ഞില്ല. വിവരം തിരക്കിയ നേതാക്കളോട് അത്യാവശ്യ കാര്യത്തിനായി മാറി നില്‍ക്കുകയാണെന്നായിരുന്നു ബേബി പറഞ്ഞത്.
അതേസമയം സുഹൃത്തുക്കള്‍ തീര്‍ത്ഥയാത്രയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതോടെ ഏരിയാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത ലോക്കല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ വിഷയം ചര്‍ച്ചയായി. ചര്‍ച്ചയില്‍ ദേഷ്യപ്പെട്ട് സംസാരിച്ച ബേബി മറ്റ് അംഗങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ ബേബിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. തുടര്‍ന്ന് ചേര്‍ന്ന ഏരിയാ കമ്മിറ്റിയില്‍ ബേബിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു. സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദം പുകയുകയാണ്.