31.1 C
Kottayam
Saturday, May 4, 2024

ശബരിമല യുവതീപ്രവേശനം തിരിച്ചടിയായി; തുറന്ന് സമ്മതിച്ച് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

Must read

തിരുവനന്തപുരം: ശബരിമല യുവതീപ്രവശനം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന് സി.പി.എം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജനങ്ങളുടെ മനോഗതി മനസിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ശബരിമല വിഷയത്തെത്തുടര്‍ന്ന് പതിവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരില്‍ ഒരുവിഭാഗത്തെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നും പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ടുപിടിക്കേണ്ടത് മാത്രമല്ല, തിരുത്തേണ്ട ചില ദൗര്‍ബല്യങ്ങളുണ്ട് എന്ന തലക്കെട്ടിലാണ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വനിതാമതില്‍ ഉള്‍പ്പെടെയുള്ള ബഹുജന സമരങ്ങളില്‍ അണിനിരന്ന എല്ലാ വിഭാഗങ്ങളും വോട്ടായി മാറിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതില്‍ പരാജയപ്പെട്ടു.

വനിതാമതിലിന് ശേഷം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് യു.ഡി.എഫും ബി.ജെ.പി.യും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചു. കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പി. സര്‍ക്കാര്‍ വരുമെന്ന ഭയം മതനിരപേക്ഷ മനസുകളില്‍ യു.ഡി.എഫിന് അനുകൂലമായ ചുവടുമാറ്റത്തിന് ഇടയാക്കി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കണമെന്നുള്ള പ്രചാരണം ഇതിന് ആക്കംകൂട്ടി.

സി.പി.എമ്മിന്റെ തോല്‍വി ഉറപ്പാക്കാന്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍,പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച് ബി.ജെ.പി. യു.ഡി.എഫിന് വോട്ട് മറിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനുള്ള സംഘടനാപ്രവര്‍ത്തനം ആവശ്യമാണെന്നും ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week