ന്യൂഡല്‍ഹി: അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ ജനപിന്തുണ നഷ്ടമായത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തല്‍. തൊഴിലാളികള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്. ആ സ്വാധീനത്തില്‍ ഇടിവുണ്ടായി. തമിഴ്നാടും കേരളവും ഒഴികെയുള്ള ഇടങ്ങളില്‍ ഇതു പ്രകടമാണെന്ന് പാര്‍ട്ടി പറയുന്നു.
രാജ്യത്തെ വ്യവസായ കേന്ദ്രങ്ങളില്‍ പലയിടത്തും തൊഴിലാളികള്‍ ബിജെപിക്കാണ് വോട്ടു ചെയ്തതെന്ന് പാര്‍ട്ടി മുഖ മാസികയായ പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു പ്രകടനത്തില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഘടകം വോട്ടിങ് ശതമാനത്തിലെ കുറവാണ്. പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഒരളവുവരെ കേരളത്തിലെയും വോട്ടിങ് ശതമാനത്തില്‍ കുത്തനെയുണ്ടായ കുറവാണ് ഇതിനു കാരണം.
ജനങ്ങളിലേക്കിറങ്ങുക എന്നതാണ് പിന്തുണ തിരിച്ചുപിടിക്കുന്നതിനു പാര്‍ട്ടി ചെയ്യേണ്ടത്. അകന്നുപോയ ജനങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിന് അവരെ കേള്‍ക്കുകയും കാഴ്ചപ്പാടുകള്‍ മനസിലാക്കുകയും വേണം. അങ്ങനെ അവരുടെ വിശ്വാസത്തെ തിരിച്ചുപിടിക്കണമെന്നും മുഖപ്രസംഗം പറയുന്നു.