KeralaNews

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും

മധുര:സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും. രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളില്‍ പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സർക്കാർ അധ്യക്ഷത വഹിക്കും.

സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കമുള്ളവർ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.നാളെ വൈകിട്ട് അഞ്ചിന് “ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്’ സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സംസാരിക്കും. ആറിന് പുതിയ കേന്ദ്ര കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും.

പൊതുസമ്മേളനത്തോടെ പാർട്ടി കോണ്‍ഗ്രസ്സിന് സമാപനമാകും.കേരളത്തില്‍ നിന്നുള്ള 175 പേരടക്കം 819 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങള്‍ വിലയിരുത്തും. ഒപ്പം അടുത്ത മൂന്ന് വർഷത്തേക്കുള്ള പാർട്ടിയുടെ രാഷ്ട്രീയ നയ നിലപാടുകള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്യും.

അശോക് ധാവളെയുടേത് ഉള്‍പ്പെടെയുള്ള പേരുകള്‍ ഉയരുന്നുണ്ടെങ്കിലും എം എ ബേബിക്കാണ് പാർട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്നത്. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്ന് പി ബി കോഡിനേറ്ററായി പ്രവർത്തിക്കുന്ന പ്രകാശ് കാരാട്ട് വീണ്ടും ജനറല്‍ സെക്രട്ടറിയാകാനും സാധ്യതയുണ്ട്.

പിണറായി വിജയന് അനുവദിച്ച പ്രായപരിധിയിളവ് പ്രകാശ് കാരാട്ടിന് ഉണ്ടാകുമോ എന്നത് നിർണായകമാകും. എം എ ബേബി ജനറല്‍ സെക്രട്ടറിയായാല്‍ ഇ എം എസിന് ശേഷം മലയാളി സി പി എമ്മിന്റെ ഉന്നത ശ്രേണിയില്‍ വീണ്ടും വരുന്നത് ചരിത്രത്തിന്റെ ഭാഗമാകും.

ബൃന്ദാ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവർ പി ബിയില്‍ തുടരുമോ എന്നതും പ്രധാനമാണ്. കേരളത്തില്‍ നിന്ന് ആരൊക്കെ പി ബിയിലുണ്ടാകും എന്നതിനെ കുറിച്ചും ചർച്ച തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker