തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധന സംബന്ധിച്ചു നേതാക്കളില്‍ നിന്നുണ്ടായ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നു സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷമാണ് സിപിഎം നേതൃത്വം ഇത്തരത്തില്‍ പ്രതികരിച്ചത്.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിലും സര്‍ക്കാരിലും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയ കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണ്. കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയത് സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടണ്ടെന്നും പ്രസ്താവനയില്‍ സിപിഎം ചൂണ്ടിക്കാട്ടി.
വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍, അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും സിപിഎം നേതൃത്വം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു കൂടിയാണ് നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ച് ആശയകുഴപ്പമുണ്ടാക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷവും, ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. എല്ലാ സീമകളേയും ലംഘിച്ചുള്ള ഈ ജനാധിപത്യവിരുദ്ധ നീക്കം ജനം തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളതതെന്നും സിപിഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
പാര്‍ട്ടിയും, എല്‍ഡിഎഫും ഒറ്റക്കെട്ടാണെന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്ന പ്രധാന ഘടകമാണ്. ഇത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ട്. അതാണ് ഇപ്പോഴത്തെ പ്രചാരവേലകളില്‍ പ്രതിഫലിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്നും നേതൃത്വം വ്യക്തമാക്കി.