ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിലെ പോലീസ് നടപടി,ജില്ലാ സെക്രട്ടറിയ്ക്ക് ഗുരുതര വീഴ്ചയെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം
കൊച്ചി :ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ തള്ളി സംസ്ഥാന നേതൃത്വം.വിഷയത്തില്‍ രാജുവിന് ഗുരുതരമായ വീഴ്ചയുണ്ടായതായി നേതൃത്വം കുറ്റപ്പെടുത്തു.വൈപ്പിനിലെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ചെറിയ പ്രശ്‌നത്തിനെ ഇത്തരം വലിയ മാനങ്ങളിലേക്ക എത്തിച്ചത് രാജുവിന്റെ പക്വതയില്ലായ്മയാണെന്നാണ് വിലയിരുത്തല്‍.പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനായി നടത്തിയ അനുമതിയുടെ മറവിലാണ് ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചത്.ഇക്കാര്യം നേതൃത്വം അറിഞ്ഞിരുന്നില്ല.അക്രമം ഇല്ലാതെ സമാധാനപരമായ മാര്‍ച്ചിനാണ് അനുമതി നല്‍കിയതും.എന്നാല്‍ ജില്ലാ ഘടകം ഇത് അട്ടിമറിയ്ക്കുകയായിരുന്നു.പോലീസിനെതിരെ അങ്ങേയറ്റം പ്രകോപനപരമായ ഇടപെടലുകളാണ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച തെളിവുകളും സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.
എന്നാല്‍ വിഷയത്തില്‍ ജില്ലാ ഘടകത്തെ തള്ളിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനമാണ് ഇന്നലെ നടന്ന സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നത്.സെക്രട്ടറി മാപ്പു പറഞ്ഞ് പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ട്ടി ജാഥകള്‍ക്ക് ഇനി ആളെ കിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.