പൂനെ: ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ടു. പൂനെയിലെ ICMR-NIV ശാസ്ത്രജ്ഞന്മാര്‍ ആണ് ഈ ചിത്രം പകര്‍ത്തിയത്. ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പകര്‍ത്തിയ ചിത്രം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 30നായിരുന്നു അത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ തൊണ്ടയില്‍ നിന്നെടുത്ത സ്രവം പുനെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.
കൊവിഡ് 19 രോഗത്തിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ജീന്‍ സീക്വന്‍സിംഗ് ഇന്ത്യയില്‍ ആദ്യമായി നടത്തിയത് കേരളത്തില്‍ നിന്നുള്ള ഈ സാംപിളുകള്‍ ഉപയോഗിച്ചായിരുന്നു. പൂനെയില്‍ നടത്തിയ ജീന്‍ സീക്വന്‍സിംഗില്‍ വുഹാനിലെ വൈറസുമായി 99.98 ശതമാനം സാമ്യം കേരളത്തിലെ വൈറസിനുണ്ടായിരുന്നു.