HealthKeralaNews

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ്; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 54 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 17 ആരോഗ്യ പ്രവര്‍ക്കകരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍പ്പെടും. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്‌ടോറിയ (72) ആണ് മരിച്ചത്. ഇന്ന് 274 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 151, കൊ 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, പാലക്കാട് 46, ആലപ്പുഴ 46, കാസര്‍കോട് 40, പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശൂര്‍ 19, വയനാട് 17 എന്നിങ്ങനെയാണ്.

കേസുകള്‍ നെഗറ്റീവായവര്‍: തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം ഏഴ്, തൃശ്ശൂര്‍ ആറ്, പാലക്കാട് 39.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകള്‍ പരിശോധിച്ചു. 1,62,444 പേര്‍ നിരീക്ഷണത്തിലാണ്. 8277 പേര്‍ ആശുപത്രിയിലുണ്ട്. 987 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 8056 പേര്‍ ചികിത്സയിലുണ്ട്.

ആകെ ഇതേവരെ 3,08,348 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 7410 റിസള്‍ട്ട് വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 10,942 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 96,547 നെഗറ്റീവായി. 353 ഹോട്ട്‌സപോട്ടുകളാണ് കേരളത്തില്‍ നിലവിലുള്ളത്.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്‌

ചികിത്സാസൗകര്യങ്ങളുണ്ട്, പ്രതിസന്ധിയില്ല

സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ആശങ്ക വേണ്ടതില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പ്രകടമായി രോഗം ഇല്ലാത്തവരെയും നേരിയ രോഗം ഉള്ളവരെയും ഇവിടെ ചികിത്സിക്കും. ജൂലൈ 19 വരെ 187 സിഎഫ്എല്‍ടിസികളിലായി 20,406 കിടക്കകളുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

743 സിഎഫ്എല്‍ടിസികളാണ് ജൂലൈ 23-നകം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതോടെ കിടക്കളുടെ എണ്ണം 69,215 ആയി ഉയരും. എല്ലായിടത്തും രാവിലെ മുതല്‍ വൈകുന്നേരം വരെ ഒപിയും ടെലി മെഡിസിനും, ലാന്‍ഡ് ലൈനും, ഇന്റര്‍നെറ്റും ഉണ്ടാകും. ഓരോയിടത്തും ആംബുലന്‍സ് ഉണ്ടാകും. ഐസൊലേഷനില്‍ ഉള്ളവര്‍ക്ക് ശുചിമുറിയുള്ള മുറി ലഭിക്കും. ഭക്ഷണവും വെള്ളവും ലഭ്യമാക്കും.

ഫ്രണ്ട് ഓഫീസ്, ഡോക്ടര്‍മാരുടെ മുറി, നഴ്‌സ് മുറി, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ സെമി പെര്‍മനന്റ് ശുചിമുറി ഏര്‍പ്പെടുത്തും. രോഗലക്ഷണം ഇല്ലാത്ത കൊവിഡ് ബാധിതരില്‍ നിന്ന് രോഗം പകരാം. സമൂഹവ്യാപനത്തിലേക്ക് എത്താം. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉചിതം. ഇവര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തില്‍ പോകണം. നെഗറ്റീവായാല്‍ തിരികെ വീട്ടിലെത്തിക്കും.

കേരളത്തില്‍ ആകെ ഒരു ടെസ്റ്റിംഗ് കേന്ദ്രമാണ് ആകെ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 59, സ്വകാര്യ മേഖലയില്‍ 51 എന്നിങ്ങനെ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ഇപ്പോഴുണ്ട്. ഇപ്പോള്‍ ആന്റിബോഡി, ആന്റിജന്‍, ട്രൂനാറ്റ് ടെസ്റ്റുകളും ലഭ്യമാണ്.

സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തി കൊവിഡ് ഫീസ് നിശ്ചയിച്ചു. രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി വിട്ടുനല്‍കി.

‘കേരളത്തിന്റെ പ്രതിരോധം പാളിയിട്ടില്ല’

കേരളത്തിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നു. രോഗികളുടെ എണ്ണം മനഃപ്പൂര്‍വ്വം കുറച്ചെന്നും ഇപ്പോള്‍ കൂടുന്നുവെന്നുമാണ് പരാതി. ഇവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കുന്നില്ല. എത്ര ആവര്‍ത്തിച്ചാലും പറഞ്ഞുകൊണ്ടിരിക്കും. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല.

കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കാന്‍ വളരെ സാധ്യതയുള്ള പ്രദേശമാണ് കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ് കേരളത്തിലെ ജനസാന്ദ്രത. രാജ്യത്ത് വയോജനങ്ങള്‍ ഏറ്റവും കൂടുതലുള്ളതും ഇവിടെയാണ്. മഹാമാരിക്ക് വലിയ നാശം വിതയ്ക്കാവുന്ന നിരവധി ഘടകങ്ങള്‍ കേരളത്തിലുണ്ട്. രോഗികളുടെ കണക്കും മരണനിരക്കും തമ്മിലുള്ള നിരക്ക് 0.33 ശതമാനമാണ്. അതായത് നൂറ് രോഗികളില്‍ 0.33 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് എന്നര്‍ത്ഥം. ദില്ലിയിലെ നിരക്ക് ഇത് മൂന്ന് ശതമാനമാണ്. തമിഴ്‌നാട്ടില്‍ 1.5 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 3.8 ശതമാനമാണ്. ഗുജറാത്തില്‍ 4.4 ശതമാനവും കര്‍ണ്ണാടകയില്‍ 2.1 ശതമാനവുമാണ്.

ഇന്നലെ 36,806 കേസും 596 മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ ഇന്നലെ 4985 കേസും 70 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണ്ണാടകയില്‍ 3648 കേസുകളും 72 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ സമയത്തും കേരളത്തില്‍ ഇത്ര കുറഞ്ഞ മരണം മാത്രമുണ്ടാകുന്നത് കേരളം ഉയര്‍ത്തിയ പ്രതിരോധത്തിന്റെ മികവാണ് സൂചിപ്പിക്കുന്നത്. ടെസ്റ്റുകള്‍ നോക്കിയാലും കേരളം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിന് 44 ടെസ്റ്റാണ് നമ്മള്‍ നടത്തുന്നത്. മഹാരാഷ്ട്രയില്‍ അഞ്ച്, ദില്ലിയില്‍ ഏഴ്, തമിഴ്‌നാട്ടില്‍ 11, മഹാരാഷ്ട്രയില്‍ പതിനേഴുമാണ്.

ടെസ്റ്റിംഗില്‍ പുറകിലല്ല

കേരളം ടെസ്റ്റില്‍ പുറകിലാണെന്ന് പറയുന്നത് തെറ്റാണ്. ആരോപണമുന്നയിക്കുന്ന പലരും ടെസ്റ്റിംഗ് എണ്ണം മാത്രമാണ് നോക്കുന്നത്. അത് ശാസ്ത്രീയമായ രീതിയല്ല. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റ് നടത്തുന്നുവെന്നതാണ് പ്രധാനം. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കേരളം കാണിച്ച കരുതലിന്റെയും ജാഗ്രതയുടെയും ഗുണഫലമാണ് കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതി വിശേഷം. ജനുവരി 30-നാണ് കൊവിഡുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന അടിയന്തിര മുന്നറിയിപ്പ് നല്‍കിയത്.

കേരളം ജനുവരി ആദ്യം തന്നെ പ്രശ്‌ന സാധ്യത മുന്‍കൂട്ടി കണ്ട് പ്രതിരോധം തുടങ്ങി. അതുകൊണ്ടാണ് വുഹാനില്‍ നിന്ന് വന്ന ആദ്യത്തെ കേസുകള്‍ കണ്ടെത്തിയത്. സെക്കന്ററി കോണ്ടാക്ടുകള്‍ പിന്തുടരുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ്. അത്രമാത്രം ശ്രദ്ധയും അധ്വാനവും ഇതില്‍ കേരളം അര്‍പ്പിച്ചിട്ടുണ്ട്. നമ്മള്‍ കാണിച്ച ജാഗ്രതയും തയ്യാറെടുപ്പും ലോകത്ത് വളരെ ചുരുക്കം ഇടങ്ങളേ സ്വീകരിച്ചിട്ടുള്ളൂ.

നിലവിലെ ക്ലസ്റ്ററുകളിലെ സ്ഥിതി

സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകളുണ്ട്. ഇതില്‍18 എണ്ണം ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാണ്. തിരുവനന്തപുരത്ത് 151 പോസിറ്റീവ് കേസില്‍ 137 ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത ഏഴ് കേസുമുണ്ട്. മൂന്ന് തീരദേശ മേഖലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പൊതുജനത്തിന് കൊവിഡുമായി ബന്ധപ്പെട്ട് വിവരം കൈമാറുന്നതിന് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. ഇതര രോഗ ചികിത്സ വീടുകളില്‍ ലഭ്യമാക്കുന്നുണ്ട്. ഇതിന് ടെലി മെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തി.

കൊല്ലം ജില്ലയില്‍ 76 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം. കൊല്ലത്ത് മൂന്നിടത്ത് പ്രാഥമിക ചികിത്സ കേന്ദ്രം തുറന്നു. പത്തനംതിട്ടയില്‍ 20 പേര്‍ക്കാണ് സമ്പര്‍ക്ക രോഗബാധ. ജില്ലയില്‍ 1010 റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ 76 പേര്‍ക്ക് രോഗം കണ്ടെത്തി. പത്തനംതിട്ടയിലെ വലിയ ക്ലസ്റ്റര്‍ പത്തനംതിട്ട നഗരസഭയാണ്.

കുമ്പഴ മത്സ്യച്ചന്തയിലെ രോഗികളില്‍ നിന്ന് സമ്പര്‍ക്ക പട്ടിക ഉയരുന്നത് ആശങ്കയാണ്. ആലപ്പുഴയില്‍ 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഇന്ന് ഉണ്ടായത്. ചേര്‍ത്തല താലൂക്ക്, കായംകുളം മുനിസിപ്പാലിറ്റിയിലെ ഏഴ് തദ്ദേശസ്ഥാപനങ്ങളും കണ്ടെയ്ന്‍മെന്റ് സോണാണ്. കോട്ടയം ജില്ലയില്‍ 34 പേര്‍ക്കാണ് സമ്പര്‍ക്ക രോഗബാധ. ചങ്ങനാശ്ശേരി മാര്‍ക്കറ്റ് മേഖലയിലാണ് സമ്പര്‍ക്കം കൂടുതല്‍. ഇവിടെ 16 തദ്ദേശ സ്ഥാപനങ്ങളിലായി 25 കണ്ടെയ്ന്‍മെന്റ് സോണുകളുണ്ട്.

എറണാകുളത്ത് 80 ല്‍ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തി. മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉറവിടം അറിയാത്ത ഒന്‍പത് പേരുമുണ്ട്. ചെല്ലാനത്തും ആലുവയിലുമാണ് കൂടുതല്‍ രോഗികള്‍. ജില്ലയില്‍ രോഗം വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. ചെല്ലാനത്ത് കടലാക്രമണം രൂക്ഷമാണ്. ഇവിടെ ക്യാംപുകള്‍ ആരംഭിക്കും. ക്യാമ്പുകളില്‍ കൊവിഡ് മാനദണ്ഡം പാലിക്കും. ബ്രോഡ്‌വേ മാര്‍ക്കറ്റ് തുറക്കും. പകുതി കടകളേ ഒരു ദിവസം തുറക്കൂ.

തൃശ്ശൂരില്‍ 485 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. ഇതില്‍ ഒരാള്‍ മാത്രമാണ് പോസിറ്റീവ്. പാലക്കാട് 36 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായി. പട്ടാമ്പിയില്‍ ഒരാളില്‍ നിന്ന് നൂറോളം പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ പ്രദേശത്ത് ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 18 ന് 67 പേര്‍ക്കും, 19 ന് 39 പേര്‍ക്കും രോഗബാധ ഇവിടെ കണ്ടെത്തി.

മലപ്പുറത്ത് 61 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 23 രോഗികള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഉറവിടം അറിയാത്ത ആറ് പേരുണ്ട്. കൊണ്ടോട്ടി മത്സ്യ മൊത്ത വിതരണ കേന്ദ്രത്തിലെ ഏഴ് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് നിന്ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടക്കും.

വയനാട് ജില്ലയില്‍ സമ്പര്‍ക്കം 19 പേര്‍ക്ക്. തൊണ്ടര്‍നാട് സ്വദേശികളാണ്. ഇവിടം ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററാണ്. രോഗബാധിതര്‍ ബന്ധുക്കളോ അടുപ്പക്കാരോ ആണ്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക് തുടങ്ങി. കൊവിഡ് മുക്തരായ ഏഴ് പേര്‍ ആദ്യ ദിവസം പ്ലാസ്മ നല്‍കാനെത്തി.

കോഴിക്കോട് ഇന്ന് 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. ജില്ലയില്‍ എല്ലാ ഹോട്ടലുകളിലും പാര്‍സല്‍ മാത്രമേ അനുവദിക്കൂ. കണ്ണൂര്‍ ബിഎസ്ഇ ക്ലസ്റ്റില്‍ 29 പേര്‍ക്ക് രോഗബാധയുണ്ടായി. ജില്ലയില്‍ പൊലീസിനെ സഹായിക്കാന്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ടീമിനെ നിയോഗിക്കും. വീട് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ക്വാറന്റൈന്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ ചുമതല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker