NationalNews

മോദിയുടെ പ്രസംഗങ്ങളിൽ RSS-ന്റെ ദുർഗന്ധം,ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഗ്രാഫ് താഴോട്ട്;ആഞ്ഞടിച്ച്‌ ഖാർഗെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടനപത്രികയ്ക്ക് മുസ്ലിം ലീഗിന്റെ മുദ്രയാണെന്ന പരാമര്‍ശത്തില്‍ നരേന്ദ്രമോദിയെ കടന്നാക്രമിച്ച് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദിയുടേയും അമിത് ഷായുടേയും രാഷ്ട്രീയ, പ്രത്യയശാസ്ത്ര മുന്‍ഗാമികള്‍ സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യക്കാര്‍ക്കെതിരേ ബ്രിട്ടീഷുകാരെയും മുസ്ലിം ലീഗിനേയും പിന്തുണച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രസംഗങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ ദുര്‍ഗന്ധമുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. സാമൂഹിക മാധ്യമമായ എക്സിലൂടെയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

‘1942-ലെ മഹാത്മാഗാന്ധിയുടെ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തവരാണ് മോദിയുടേയും ഷായുടേയും പ്രത്യയശാസ്ത്ര മുന്‍ഗാമികള്‍. മൗലാനാ ആസാദായിരുന്നു ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍. ശ്യാമപ്രസാദ് മുഖര്‍ജി മുസ്‌ലിം ലീഗുമായി ചേര്‍ന്നാണ് 1940-ല്‍ ബംഗാളിലും സിന്ധിലും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലും തന്റെ സര്‍ക്കാരുകള്‍ രൂപവത്കരിച്ചത്.’ -ഖാര്‍ഗെ പറഞ്ഞു.

‘1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ എങ്ങനെ പോരാടാമെന്നതിനെ കുറിച്ചും കോണ്‍ഗ്രസിനെ എങ്ങനെ അടിച്ചമര്‍ത്താമെന്നതിനെ കുറിച്ചും ശ്യാമപ്രസാദ് മുഖര്‍ജി അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ക്ക് കത്തെഴുതിയില്ലേ? ഇതിനായി ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരെ വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞില്ലേ?’ -ഖാര്‍ഗേ ചോദിച്ചു.

‘മോദിയും ഷായും അവരുടെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അധ്യക്ഷനും ഇന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ കുറിച്ച് വ്യാജപ്രചാരണം നടത്തുകയാണ്. മോദിയുടെ പ്രസംഗങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ ദുര്‍ഗന്ധമുണ്ട്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഗ്രാഫ് ഓരോ ദിവസം കഴിയുന്തോറും താഴോട്ട് പോകുകയാണ്. അതിനാല്‍ ആര്‍.എസ്.എസ്. തങ്ങളുടെ പ്രിയ സുഹൃത്തായ മുസ്‌ലിം ലീഗിനെ ഇപ്പോള്‍ ഓര്‍ക്കാന്‍ തുടങ്ങി.’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരിഹസിച്ചു.

‘ഇവിടെ ഒരേയൊരു സത്യമേയുള്ളൂ. കോണ്‍ഗ്രസിന്റെ ന്യായ് പത്ര് (പ്രകടനപത്രിക) ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നതാണ്. അവര്‍ ഒന്നുചേര്‍ന്നുണ്ടാകുന്ന ശക്തി മോദിയുടെ 10 വര്‍ഷത്തെ അനീതിക്ക് അന്ത്യം കുറിക്കും.’ -ഖാര്‍ഗെ പറഞ്ഞവസാനിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker