ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 43,509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,465 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ ഇന്ത്യയില്‍ 4,03,840 പേരാണ് ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 97.38 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ രാജ്യത്ത് 17,28,795 സാംപിളുകളാണ് പരിശോധിച്ചത്. ജൂലൈ 28 വരെ രാജ്യത്ത് 46,26,29,773 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.
ആശങ്ക ഉയര്‍ത്തി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുപതിനായിരത്തില്‍ അധികം കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ആന്റിബോഡികള്‍ രൂപമെടുത്തതായി കണ്ടെത്തി. ജൂണ്‍ 14 മുതല്‍ ജൂലൈ 6 വരെ നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ആന്റിബോഡികള്‍ കണ്ടെത്തിയിരിക്കുന്നത് മധ്യപ്രദേശിലാണ്. 79 ശതമാനം ആന്റിബോഡികളാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത് എന്നാണ് ഐസിഎംആര്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നത്. നാലാം സര്‍വേയുടെ ഫലമായി രാജ്യത്തെ തെരഞ്ഞെടുത്ത 70 ജില്ലകളിലാണ് പഠനം നടത്തിയത്.
കൊവിഡ് ആന്റിബോഡികള്‍ ഏറ്റവും കുറവ് കണ്ടെത്തിയിരിക്കുന്നത് കേരളത്തിലാണ് 44.4 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വൈറസ് ആന്റിബോഡികള്‍ കണ്ടെത്തിയത്. അസമില്‍ 50.3 ശതമാനം ആളുകള്‍ക്കും ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ട്. ഏറ്റവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 58 ശതമാനമാണ് ആന്റിബോഡികളുള്ളത്.