ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 26506 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 475 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,93,802 ആയി ഉയര്‍ന്നു. നിലവില്‍ 2,76,685 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 4,95,513 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇതുവരെ 21606 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
തമിഴ്നാട്ടില്‍ ഇന്നലെ 4231 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 65 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 126581 ആയി. ആകെ മരണം 1765 ആയി. 3994 പേര്‍ ഇന്നലെ രോഗമുക്തരായി ആശുപത്രിവിട്ടു. 46652 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍.
തമിഴ്നാട്ടില്‍ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 12 പേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനമാര്‍ഗം എത്തിയ 39 പേര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പല്‍മാര്‍ഗം എത്തിയ മൂന്നുപേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.
ചെന്നൈയിലാണ് കൊവിഡ് ബാധിതര്‍ ഏറ്റവുമധികം. 1,216 പേര്‍ക്കാണ് ചെന്നൈയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 73,728 ആയി. 2,700 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ ചെന്നൈയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 20,271 ആയി.
മഹാരാഷ്ട്രയില്‍ ഇന്നലെ 6,875 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,30,599 ആയി. 219 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 9,667 ആയി. 4,067 പേര്‍ കൂടി മഹാരാഷ്ട്രയില്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,27,259 ആയി. 93,652 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.