KeralaNews

കൊവിഡ് മൂന്നാം തരംഗം: കേരളം നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തില്‍ കേരളം നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ആദ്യ ഡോസ് വാക്സീനേഷന്‍ 100 ശതമാനമാക്കാന്‍ കഴിഞ്ഞെന്നും കൊവിഡ് കേസുകള്‍ ഇനി വലിയ തോതില്‍ വ്യാപിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഡെല്‍റ്റ വകഭേദത്തിന് രോഗതീവ്രത കൂടുതലായിരുന്നു. രോഗവ്യാപനം കൂടുതലാണെങ്കിലും ഒമിക്രോണിന് രോഗതീവ്രത കുറവാണ്. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സീനേഷന്‍ 100 % ആക്കാന്‍ കഴിഞ്ഞു. രണ്ട് ഡോസും എടുത്തവര്‍ 85 ശതമാനമാണ്. 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്സീനേഷന്‍ 75 ശതമാനമാണ് ആയത്. കരുതല്‍ ഡോസിന് അര്‍ഹതയുള്ള 41 ശതമാനം പേര്‍ക്ക് വാക്സീന്‍ നല്‍കാനായി. മഹാഭൂരിപക്ഷം പേരും രോഗപ്രതിരോധ ശേഷി നേടിയിട്ടുണ്ട്.

ഒമിക്രോണ്‍ വ്യാപിച്ചതോടെ ജനുവരി ഒന്നിനാണ് മൂന്നാം തരംഗം ആരംഭിക്കുന്നത്. രണ്ടാം തരംഗത്തില്‍ കഴിഞ്ഞവര്‍ഷം മെയ് 12 ന് 43529 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. അതേസമയം മൂന്നാം തരംഗത്തില്‍ ജനുവരി 25 ന് 55475 ആയിരുന്നു ഏറ്റവും ഉയര്‍ന്ന കേസ്. എന്നാല്‍ ഉയര്‍ന്ന വേഗത്തില്‍ തന്നെ കേസുകള്‍ കുറഞ്ഞുവരുന്നതായാണ് കാണാന്‍ കഴിയുന്നത്. ജനുവരി ആദ്യ ആഴ്ച്ചയില്‍ 45 ശതമാനമാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായത്. ജനുവരി മൂന്നാം ആഴ്ച്ചയില്‍ 215 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ പിന്നീടത് കുറഞ്ഞു. തൊട്ടുമുന്‍പത്തെ ആഴ്ച്ചയില്‍ വര്‍ധനവ് 10 ശതമാനമായി. ഇപ്പോള്‍ വര്‍ധനവ് മൈനസ് 39 ശതമാനം മാത്രമായി.

കേസുകള്‍ ഇനി വലിയതോതില്‍ വര്‍ധിക്കാന്‍ സാഹചര്യമില്ലെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ എല്ലാവരും കുറച്ച് നാള്‍ കൂടി നല്ലരീതിയില്‍ ജാഗ്രത പാലിക്കണം. നിലവില്‍ ആകെയുള്ള 2,83,676 ആക്ടീവ് കൊവിഡ് കേസുകളില്‍ 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 54 ശതമാനം ഐസിയു കിടക്കകകകളും ഒഴിവാണ്. 14.1 ശതമാനം പേര്‍ മാത്രമാണ് വെന്‍റിലേറ്ററില്‍ ഉള്ളത്. 85 ശതമാനത്തോളം വെന്‍റിലേറ്ററുകള്‍ ഒഴിവുമുണ്ട്.

ലോകമെമ്പാടും ഒമിക്രോണ്‍ തരംഗത്തെ നേരിടാന്‍ ഉപയോഗിക്കുന്ന ഫലപ്രദമായ മാര്‍ഗമാണ് ഗൃഹപരിചരണം. ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ഗൃഹപരിചരണത്തിന് പ്രാധാന്യം നല്‍കുന്നത്. ഒമിക്രോണ്‍ തരംഗത്തില്‍ മൂന്ന് ശതമാനം ആളുകള്‍ക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടിവരുന്നത്. എന്നാല്‍ അതേസമയം ഒരു ശതമാനം പേര്‍ക്ക് ഇതിന്‍റെ ഫലമായി തന്നെ ഗുരതരമായ അവസ്ഥയുണ്ടാകുന്നു. ന്യൂമോണിയ ഉണ്ടാവാന്‍ സാധ്യതയുള്ള ഒരുശതമാനം പേരെ കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നല്‍കലാണ് പ്രധാനം. ഗൃഹപരിചരണത്തില്‍ ഇരിക്കുന്ന രോഗികള്‍ അപായ സൂചനകള്‍ ശ്രദ്ധിക്കണം. എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സജ്ജമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker