FeaturedNationalNews

മൃതദേഹങ്ങൾ കുന്നുകൂടുന്നു, ശ്മശാനങ്ങളിൽ അന്തമില്ലാത്ത കാത്തിരിപ്പ്‌, ഗുജറാത്തിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം

സൂറത്ത്:കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതോടെ ഗുജറാത്തിലെ സ്ഥിതികള്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള ഉയര്‍ച്ച പോലെ തന്നെ രോഗികളുടെ മരണസംഖ്യയും ഗുജറാത്തില്‍ ഉയരുകയാണ്. വൈദ്യുത ശ്മശാനങ്ങളിലെ കാത്തുനില്‍പ്പിന് അന്ത്യമില്ലാതെ വരുന്നതോടെ തുറസായ സ്ഥലത്ത് കൊവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിക്കുന്ന അവസ്ഥയാണ് സൂറത്തിലുള്ളത്.

സൂറത്തിലെ മൂന്ന് ശ്മശാനങ്ങള്‍ ഇടവേളകളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൂറത്തിലെ ഉംറയിലെ രാംനാഥ് ഗേല ശ്മശാനം, ധരംനഗറിലുള്ള അശ്വിനി കുമാര്‍ ശ്മശാനം, ജഹാംഗിര്‍പുരയിലെ കുരുക്ഷേത്ര ശ്മശാന്‍ ഭൂമി എന്നീ ശ്മശാനങ്ങളില്‍ അടക്കാന്‍ കഴിയുന്നതിലും അധികം കൊവിഡ് രോഗികളുടെ മൃതദേഹമാണ് ഇവിടേക്ക് എത്തുന്നത്.

ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുന്നത് ശ്മശാനത്തിലെ ഫര്‍ണസ് ഉരുകി പോയതായി ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണ നിലയില്‍ ഈ ശ്മശാനങ്ങളിലേക്ക് ഇവിടെ ദിവസേന എത്തിക്കൊണ്ടിരുന്നത് 20ഓളം മൃതദേഹങ്ങളായിരുന്നു. കൊവിഡ് മഹാമാരിക്ക് പിന്നാലെ ഈ സാഹചര്യം മാറി. കഴിഞ്ഞ രണ്ട് ആഴ്ചയായി ഈ സാഹചര്യം രൂക്ഷമായിരിക്കുകയാണെന്നാണ് ശ്മശാന സൂക്ഷിപ്പിക്കാരും പറയുന്നത്.

ദിവസനേ 80 മൃതദേഹങ്ങോളമാണ് ഇപ്പോള്‍ ഇവിടേക്ക് എത്തുന്നത്. സൂറത്തിലെ ഏറ്റവും വലിയ ശ്മശാനമായ അശ്വിനി കുമാര്‍ ശ്മശാനത്തില്‍ 110 മൃതദേഹങ്ങളാണ് ഇപ്പോള്‍ ദിവസേനയെത്തുന്നത്. പത്തുമണിക്കൂറോളം കാത്തിരുന്നിട്ടും ഉറ്റവരുടെ മൃതദേഹം സംസ്കരിക്കാനുള്ള അവസരം ലഭിക്കാതെ വന്നതോടെയാണ് ബന്ധുക്കള്‍ തുറസായ ഇടങ്ങളില്‍ ദഹിപ്പിക്കുന്നതിലേക്ക് തിരിഞ്ഞിട്ടുള്ളത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കണക്കുകള്‍ അനുസരിച്ച് ശനിയാഴ്ച വരെ സൂറത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 14 പേര്‍ മാത്രമാണ്. ഇത് ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് കണക്കുകള്‍ മറച്ചുവയ്ക്കുന്നതായി ആരോപണത്തിനും കാരണമായിട്ടുണ്ട്. നേരത്തെ കൊവിഡ് സാഹചര്യം അനുദിനം വഷളാകുന്നു എന്നുസൂചിപ്പിക്കുന്ന മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button