FeaturedKeralaNews

ബംഗളൂരു രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയില്‍; കോവിഡ് ഭീതി പടരുന്നു

ബംഗളൂരു:മഹാനഗരമായ മുംബൈയ്ക്ക് പിന്നാലെ കര്‍ണാടക തലസ്ഥാനമായ ബംഗളൂരൂ രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയില്‍. ഇന്നലെ മാത്രം ബംഗളൂരുവില്‍ രണ്ടായിരം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ചിന്റെ തുടക്കത്തെ അപേക്ഷിച്ച് കര്‍ണാടകയില്‍ കോവിഡ് കേസുകളില്‍ പത്തുമടങ്ങിന്റെ വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകര്‍ പറഞ്ഞു.

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സമാനമായി കര്‍ണാടകയിലും ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയരുകയാണ് ചെയ്യുന്നത്. കഴിഞ്ഞ തവണത്തെ പോലെ ബംഗളൂരു നഗരം തന്നെയാണ് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി നേരിടുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 300 കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 30 ദിവസം കൊണ്ട് ഇത് പത്തുമടങ്ങായി വര്‍ധിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറയുന്നു. ഇതില്‍ നല്ലൊരു ഭാഗവും ബംഗളൂരുവിലാണ് ഉള്ളത്.

ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണം. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്ന് സുധാകര്‍ പറഞ്ഞു.ഒരുതരത്തിലുള്ള ഒത്തുകൂടലും അനുവദിക്കില്ല. ഏത് മതമായാലും രാഷ്ട്രീയ പാര്‍ട്ടിയായാലും ഒത്തുകൂടുന്നത് നിരുത്സാഹപ്പെടുത്തണം. ഇതുമാത്രമാണ് ഏകപോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,21,808 ആയി. ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകളില്‍ 84.5 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരള, തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്.

രാജ്യത്ത് ഇന്ന് 68,020 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. 40,414 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 3,082, പഞ്ചാബില്‍ 2,870 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ആക്ടീവ് കേസുകളുടെ കണക്കില്‍ മഹാരാഷ്ട്ര, കേരള, പഞ്ചാബ്, കര്‍ണാടക, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍. ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളിൽ 80.17 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽനിന്നാണ്.

രാജ്യത്ത് ഇതുവരെ 1,13,55,993 പേര്‍ രോഗ മുക്തരായി. 94.32ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 32,231 പേര്‍ രോഗ മുക്തരായി. 291 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button