തിരുവനന്തപുരം:കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തഞ്ചായി കുറയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള പൊതുപരിപാടികൾ നടത്താൻ പോലീസ് സ്റ്റേഷനുകളിലോ കളക്ടറേറ്റുകളിലോ അറിയിക്കണം. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 150 പേർക്കുമാത്രമേ പങ്കെടുക്കാനാവൂ. പൊതുവാഹനങ്ങളിൽ നിന്ന് യാത്രചെയ്യാൻ അനുവദിക്കില്ല.
നിലവിൽ ലോക്ഡൗൺ സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. മാളുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർ, വാക്സിൻ സ്വീകരിച്ചവർ തുടങ്ങിയവ മാനദണ്ഡമാക്കി ആളുകളുടെ എണ്ണം കുറയ്ക്കണം. വിദ്യാർഥികൾക്ക് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തണം. സ്കൂൾബസുകൾ ഇതിനായി പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ട്യൂഷൻ സെന്ററുകൾ രോഗവ്യാപനത്തിനിടയാക്കരുതെന്ന് ഉറപ്പാക്കണം.
ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആളുകൾ കൂടാതെ ശ്രദ്ധിക്കണം. തൃശ്ശൂർപ്പൂരത്തിന് പാസ് നൽകി ആളുകളെ നിയന്ത്രിക്കുന്നത് പരിഗണിക്കണം. ഒന്നരക്കോടിയോളം പേർക്ക് വാക്സിൻ കൊടുക്കാനായാൽ സ്കൂളുകൾ ജൂണിൽ തുറക്കാനാവുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
കടകളും ഹോട്ടലുകളും തിേയറ്ററുകളും ബാറുകളും രാത്രി ഒമ്പതുമണിക്കുശേഷം പ്രവർത്തിക്കരുത്. തിയേറ്ററുകളിൽ അമ്പതുശതമാനം പേർക്കുമാത്രമാണ് അനുമതിയുള്ളത്. രാത്രി ഒമ്പതിനുശേഷവും മെഡിക്കൽ ഷോപ്പുകൾക്ക് പ്രവർത്തിക്കാം. കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സർക്കാർ ഓഫീസുകൾക്ക് പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂൾ പരീക്ഷകൾ മുടക്കമില്ലാതെ നടത്തും.
ഇ
വെള്ളി, ശനി ദിവസങ്ങളിലായി രണ്ടരലക്ഷം പേർക്ക് കോവിഡ് നിർണയ പരിശോധനനടത്തും. തിരഞ്ഞെടുപ്പുപ്രക്രിയയിൽ സജീവമായവർ, കോവിഡ് മുന്നണിപ്രവർത്തകർ, കോവിഡ് വ്യാപന പ്രദേശങ്ങളിലുള്ളവർ, ആളുകളുമായി സമ്പർക്കം പുലർത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഷോപ്പുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, സേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്സിക്യുട്ടീവുകൾ എന്നിവരെ കണ്ടെത്തി പരിശോധിക്കും. ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർ.ടി.പി.സി.ആർ. പരിശോധനാ യൂണിറ്റുകൾ ഉപയോഗപ്പെടുത്തും. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ ആർ.ടി.പി.സി.ആർ. പരിശോധന നടത്തും.
<