ആലുവ:കോവിഡ് ബാധിതനായതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നയാൾ ആലുവ ജില്ലാ ആശുപത്രിയിൽ ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി. കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കീഴ്മാട് സ്വദേശി റാഫേൽ ആണ് ഒരു മണിക്കൂറോളം രോഗികളെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ ശേഷം കീഴടങ്ങിയത്.
കോവിഡ് രണ്ടാം വരവിൽ മരണങ്ങൾ വർധിച്ചതോടെ നിരവധി പേരാണ് മരണഭയവും മറ്റും മൂലം മനോ വൈകല്യം പ്രകടിപ്പിക്കുന്നത്.
ഒരാഴ്ച മുൻപ് കോ വിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കീഴ്മാട് സ്വദേശിയാണ് ഇന്ന് ആലുവ ജില്ലാ ആശുപത്രിയിൽ ഒരു മണിക്കൂറോളം നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.
കോവിഡ് ബാധയെ തുടർന്നുണ്ടായ ആശങ്ക മൂലം വീട്ടിൽ അക്രമാസക്തനായതിനെ തുടർന്നാണ് പോലീസ് സഹായത്തോടെ വീട്ടുകാർ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.ഡോക്ടർ പരിശോധിച്ച് കൊണ്ടിരിക്കുമ്പോൾ ഇറങ്ങി ഓടിയ ഇയാൾ ഒരു മണിക്കൂറോളം ആശുപത്രി പരിസരത്ത് ഭീതി പരത്തി.
കോവിഡ് ബാധിതനാണെന്നറിഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാറും ഓടി മാറി.
ഡോക്ടർമാരും വീട്ടുകാരും അനുനയിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല . ഒടുവിൽ പോലീസും പി.പി കാറ്റണിഞ്ഞ ജീവനക്കാരും ചേർന്ന് ഇയാളെ കീഴടക്കി.
പിന്നീട് ത്രിശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.കോവിഡ് രണ്ടാം തരംഗത്തിൽ മരണങ്ങൾ വർദ്ധിച്ചതോടെ മരണഭീതി രോഗബാധിതരെ വേട്ടയാടുന്നതായി ഡോക്ടർമാർ പറയുന്നു.
സമൂഹ മാധ്യമങ്ങളിലെ കോവിഡ് മരണങ്ങളുടെ ദൃശ്യങ്ങൾ രോഗികളിൽ മരണഭീതിയുണ്ടാക്കുകയും മനോനില തെറ്റിക്കുകയും ചെയ്യുന്നതായും ഡോക്ടർമാർ കരുതുന്നു.
രോഗികൾക്ക് കോവിഡ് ചികിത്സ യോടൊപ്പം കൗൺസിലിങ്ങും നൽകേണ്ട സ്ഥിതിയിലാണിപ്പോൾ ഡോക്ടർമാർ.