കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു. ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പില്‍ അബ്ദുല്‍ ഖാദര്‍(73) ആണ് മരിച്ചത്.
ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നതായി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍.ഐ.വി ലാബിലേക്കയച്ചു.
അതേസമയം കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന അര്‍ബുദ രോഗിയും മരണത്തിന് കീഴടങ്ങി. പായം സ്വദേശി കാപ്പാടന്‍ ശശിധരന് (48) ആണ് മരിച്ചത്. ആരോഗ്യസ്ഥിതി മോശമായപ്പോള്‍ കൊവിഡ് സെല്ലില്‍ അറിയിച്ചിട്ടും ഉടന്‍ ആംബുലന്‍സ് അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ആംബുലന്‍സ് നാലു മണിക്കൂര്‍ വൈകിയാണ് എത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രോഗി മരിച്ചു. മോര്‍ച്ചറിയില്‍ വയ്ക്കാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.