ചെന്നൈ: കോവിഡ് പ്രതിരോധത്തിന് ഹെര്‍ബല്‍ മരുന്ന് കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ തമിഴ്നാട് പോലീസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോയമ്പേട് ബസ് സ്റ്റാന്‍ഡിന് സമീപം സിദ്ധ ആശുപത്രി നടത്തിവരികയായിരുന്ന തനികാചലം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
പത്രങ്ങള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിസിന്‍ ആന്റ് ഹോമിയോപ്പതി ഡയറക്ടര്‍ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
കോവിഡ് -19 ഭേദമാക്കാന്‍ കഴിയുന്ന മരുന്ന് കണ്ടെത്തിയതായി അവകാശപ്പെട്ട തനികാചലം പത്രങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് വഴി ആളുകളുടെ ജീവന്‍ അപകടത്തിലാക്കിയെന്ന് തമിഴ്‌നാട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ മെഡിസിന്‍ ഹോമിയോപ്പതി ഡയറക്ടര്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്നും പ്രസ്താനയില്‍ പറയുന്നു.
മെഡിക്കല്‍ യോഗ്യതകള്‍ ഒന്നുമില്ലാത്ത ഇയാള്‍ കോയമ്പേട് ബസ് സ്റ്റാന്‍ഡിന് സമീപം സിദ്ധ ആശുപത്രിനടത്തിവരികയായിരുന്നു.പകര്‍ച്ചവ്യാധി രോഗ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം, പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ്, റൂറല്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ അനുമതിയില്ലാതെ എന്തെങ്കിലും വിവരങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
താന്‍ രൂപപ്പെടുത്തിയ മരുന്ന് 48 മണിക്കൂറിനുള്ളില്‍ രോഗബാധിതരെ സുഖപ്പെടുത്തുമെന്നാണ് ഇയാള്‍ അദ്ദേഹം അവകാശപ്പെടുന്നത്. കോവിഡ് ബാധയേല്‍ക്കാന്‍ തയ്യാറാണെന്നും സ്വയം ചികിത്സിച്ച് ഭേദമാക്കുമെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.