FeaturedKeralaNews

നിയന്ത്രണത്തില്‍ ഇളവ്,രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമില്ല

തിരുവനന്തപുരം: രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ പ്രവേശിക്കാന്‍ പാടില്ല. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്.

രാത്രി ഏഴു മണിക്കും രാവിലെ ഏഴുമണിക്കും ഇടയ്ക്ക് ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമാണ്. മെഡിക്കല്‍ ആവശ്യമുള്‍പ്പെടെ വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ രാത്രിയാത്രയ്ക്ക് അനുവാദം നല്‍കൂവെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. അത്യാവശ്യമല്ലെങ്കില്‍ രാത്രിയാത്ര ഒഴിവാക്കിയേ തീരൂ എന്നും ഡിജിപി വ്യക്തമാക്കി.

തൊട്ടടുത്തുള്ള ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ പാസ്സ് വേണ്ടെന്ന് നേരത്തേ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നതാണ്. സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ 2 പേര്‍ക്കാണ് സഞ്ചരിക്കാനാവുക. കുടുംബമാണെങ്കില്‍ 3 പേര്‍ക്ക് സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കാം. ഓട്ടോയില്‍ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് ഈ ഘട്ടത്തില്‍ അനുമതിയുള്ളത്. കുടുംബമെങ്കില്‍ ഓട്ടോയില്‍ 3 പേര്‍ക്ക് സഞ്ചരിക്കാം. ഇരുചക്രവാഹനത്തില്‍ കുടുംബാഗത്തിന് പിന്‍സീറ്റ് യാത്ര അനുവദിക്കും.ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്‌പോട്ടുകളില്‍ ഒഴികെ ആളുകള്‍ക്ക് സഞ്ചരിക്കാം. കൊവിഡ് പ്രതിരോധ നിയന്ത്രണം ബാധകമല്ല.

സംസ്ഥാനത്ത് ഇന്നലെ 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.കണ്ണൂര്‍ 12, കാസര്‍കോട് 7, പാലക്കാട് 5, കോഴിക്കോട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പിടിപ്പെട്ടത്. കോഴിക്കോട് രോഗം ബാധിച്ചത് ഹെല്‍ത്ത് വര്‍ക്കര്‍ക്കാണ്.

രണ്ടുപേര്‍ ഇന്ന് രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 732 ആയി. 216 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്. 84258 പേര്‍ നിരീക്ഷണത്തിലുണ്ട്. 83649 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 609 പേര്‍ ആശുപത്രികളില്‍ നീരീക്ഷണത്തിലുണ്ട്. ഇന്ന് 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button