സൂപ്പര്‍ റഗ്ബി മത്സരം കാണാന്‍ ശനിയാഴ്ച 20,000 പേര്‍ ഒത്തു ചേരും, കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി ന്യൂസിലാൻഡ്, ആഹ്ളാദ നൃത്തം ചവിട്ടി പ്രധാനമന്ത്രി
വെല്ലിങ്ടന്‍ : കോവിഡ് മുക്തമായ ന്യൂസീലന്‍ഡില്‍ ഇനി നിയന്ത്രണങ്ങളില്ല. 50 ലക്ഷം ജനങ്ങളുള്ള രാജ്യം തിങ്കളാഴ്ച കോവിഡ് മുക്തമായി പ്രഖ്യാപിച്ചതോടെ ആലിംഗനം ചെയ്തും ചുംബിച്ചും വിരുന്നുകള്‍ സംഘടിപ്പിച്ചും കോവിഡാനന്തര ജീവിതത്തിന് വന്‍ വരവേല്‍പാണ് ന്യൂസിലന്‍ഡ് ജനത നല്‍കുന്നത്.
ആകെ 1504 പേര്‍ക്കാണു ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1482 പേര്‍ രോഗമുക്തരാവുകയും 22 പേര്‍ മരിക്കുകയും ചെയ്തു. രാജ്യം കോവിഡ് മുക്തമായതിന്റെ ആഹ്ലാദത്തില്‍ താന്‍ നൃത്തം ചെയ്തുവെന്നാണ് പ്രതിരോധദൗത്യത്തിനു നേതൃത്വം നല്‍കിയവ 39 കാരിയായ പ്രധാനമന്ത്രി ജസിന്‍ഡ അര്‍ഡന്‍ പറഞ്ഞത്.
കഴിഞ്ഞ രണ്ടര മാസത്തിനിടെ 3 ലക്ഷത്തോളം പേരെ പരിശോധിച്ചതിലും ഇപ്പോള്‍ നിലവിലും ആര്‍ക്കും തന്നെ രോഗവും ഇല്ല, ചികിത്സയിലുമില്ല. ഇക്കഴിഞ്ഞ 18 ദിവസമായി പുതിയ രോഗികള്‍ ആരുമില്ല. നിയന്ത്രണങ്ങള്‍ എല്ലാം എടുത്തുമാറ്റിയതോടെ ശനിയാഴ്ച നടക്കുന്ന സൂപ്പര്‍ റഗ്ബി മത്സരം കാണാന്‍ 20,000 പേര്‍ എത്തുമെന്നാണു കരുതുന്നത്. കോവിഡിനെ തുടച്ചു നീക്കിയ ശേഷമുള്ള ആദ്യ മത്സരമാണ് ഇത്.
ന്യൂസീലന്‍ഡില്‍ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത് ഫെബ്രുവരി അവസാനമാണ്. ഏഴാഴ്ചയോളം നീണ്ട കര്‍ശനമായ ലോക്ഡൗണില്‍ അവശ്യസേവന വിഭാഗങ്ങളൊഴികെ മറ്റൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. രോഗമുക്തമായെങ്കിലും അതിര്‍ത്തികള്‍ ന്യൂസീലന്‍ഡ് തുടര്‍ന്നും അടച്ചിടും. സ്വദേശത്തേക്കു മടങ്ങിവരുന്നവര്‍ക്കു മാത്രമാണു പ്രവേശനം. ഇവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.