NationalNews

രാജ്യത്ത് കൊവിഡ് മരണം 452,ഇന്നലെ ഒരു ദിനം മാത്രം ജീവന്‍ നഷ്ടമായത് 32 പേര്‍ക്ക്,രോഗബാധിതരുടെ എണ്ണവും കുത്തനെ ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായിരത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം 13,835 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 452 ആയി ഉയര്‍ന്നു.

24 മണിക്കൂറിനുള്ളില്‍ 1076 പേരാണ് രാജ്യത്ത് പുതുതായി കൊവിഡ് ബാധിച്ചത്. നിലവില്‍ 11,616 പേരാണ് ചികിത്സയില്‍ ഉള്ളത്. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 3205 ആയി. 194 പേര്‍ മരിച്ചു. ദില്ലിയില്‍ 1640 ആണ് രോഗം ബാധിച്ചവരുടെ എണ്ണം. മധ്യപ്രദേശില്‍ 1308, തമിഴ്‌നാട്ടില്‍ 1267, രാജസ്ഥാനില്‍ 1131, എന്നിങ്ങനെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്ക്. 1766 പേര്‍ രാജ്യത്താകെ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് വ്യക്തമാക്കുന്നു.

രാജ്യത്തെ തീവ്ര കൊവിഡ് ബാധിത മേഖലകളില്‍ കൂടുതല്‍ റാപ്പിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിറ്റുകളുടെ ക്ഷാമം പരിഹരിച്ച സാഹചര്യത്തിലാണ് പരിശോധനയുടെ എണ്ണം കൂട്ടാനുള്ള നിര്‍ദ്ദേശം. അഞ്ച് ലക്ഷം കിറ്റുകളാണ് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്ത് തുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button