FeaturedHome-bannerKeralaNewsNews

പ്രതിമാസം 5000 രൂപ വീതം മൂന്നു വര്‍ഷത്തേയ്ക്ക് അക്കൗണ്ടിൽ ,കൊവിഡ് മരണങ്ങൾക്ക് കൈത്താങ്ങുമായി കേരളം,വിശദാംശങ്ങളിങ്ങനെ

തിരുവനന്തപുരം:കോവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും. ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിക്കുമ്പോള്‍ മരണപ്പെട്ട വ്യക്തിയുടെ വരുമാനം ഒഴിവാക്കും.

ഒറ്റ പേജില്‍ ലളിതമായ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആശ്രിതര്‍ക്കു കഴിയണം. ഇതിനാവശ്യമായ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നല്‍കേണ്ടതാണ്. ആശ്രിത കുടുംബത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ ഉറപ്പുവരുത്തണം. അപേക്ഷ തീര്‍പ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസില്‍ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുത്.

പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് ഇത് നല്‍കുക. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും തീരുമാനിച്ചു.

*സ‍ർക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിന് കര്‍ശന മാനദണ്ഡം*

സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായും സുതാര്യമായും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്ഥലം മാറ്റങ്ങള്‍ നടത്തുന്നുവെന്ന് ഓരോ വകുപ്പും ഉറപ്പുവരുത്തണം. എല്ലാ വകുപ്പുകളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്ഥലം മാറ്റം സുതാര്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു.

*ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം*

മുന്‍ വൈദ്യുതി വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

*ഭരണാനുമതി നല്‍കും*

കൊച്ചി – ബംഗളൂരു വ്യാവസായ ഇടനാഴിയുടെ വികസനത്തിന് പാലക്കാട്, പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ കണ്ടെത്തിയ 375 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

*തടി നീക്കം ചെയ്യാന്‍ സമയം അനുവദിക്കും*

കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം ലേലം കൊണ്ട തടി യഥാസമയം ലേലത്തുകയും നികുതിയും അടച്ചിട്ടും നീക്കം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് തടി നീക്കം ചെയ്യാന്‍ ഉത്തരവ് ഇറങ്ങുന്ന തീയതി മുതല്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കും.

*പാട്ടത്തിന് നല്‍കും*

കാസര്‍കോട് മുന്നാഡ് വില്ലേജില്‍ 0.10 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് നൂല്‍നൂല്‍പ്പ് കേന്ദ്രത്തിന്‍റെ കെട്ടിടം നിര്‍മ്മിക്കുന്നതിന് ആര്‍. ഒന്നിന് 100 രൂപ സൗജന്യ നിരക്കില്‍ പുതിക്കി നിശ്ചയിച്ച് 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് അനുവദിക്കാന്‍ തീരുമാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker