സാമൂഹ്യ അകലവും റൂട്ട് മാപ്പും തിരിച്ചടിയായി, കൊവിഡ് കാലത്ത് പട്ടിണിയിലായി ലൈംഗിക തൊഴിലാളികൾ, തുറന്ന് പറഞ്ഞ് നളിനി ജമീല
കൊച്ചി:കൊവിഡ് കാലം പ്രതിസന്ധിയുടെ കാലമാണ് ലോകമെമ്പാടും ലക്ഷങ്ങൾക്കാണ് ജോലി നഷ്ടമായത് പതിനായിരക്കണക്കിന് സ്ഥാപനങ്ങൾ അടച്ചു പൂട്ടി.വിദ്യാഭ്യാസം, വ്യാപാരം അടക്കം മറ്റുള്ള എല്ലാ മേഖലകളും ഓൺലൈനിലേയ്ക്കു വഴി തേടിയപ്പോൾ, തൊഴിലില്ലാതെ ആയ ഒരു വിഭാഗം ഉണ്ട്. ലൈംഗിക തൊഴിലാളികളാണ് അവർ. ഓൺലൈനിലൂടെ സെക്സ് ചാറ്റിംഗ് അടക്കമുള്ള കാര്യങ്ങൾ സാധ്യമെങ്കിലും ഫീൽഡിലിറങ്ങിയുള്ള ജോലി ഇവർക്ക് അപ്രാപ്യമായിരിയ്ക്കുന്നു.ഈ സാഹചര്യത്തിലാണ് ലൈംഗിക തൊഴിലാളികളുടെ ജീവിതം തുറന്ന് പറഞ്ഞ, മുൻ ലൈംഗിക തൊഴിലാളിയായിരുന്ന നളിനി ജമീല പ്രതിസന്ധികൾ തുറന്നു പറഞ്ഞു രംഗത്തെത്തിയിരിയ്ക്കുന്നത്.
കൊവിഡുകാലത്തെ ലൈംഗിക വിചാരങ്ങൾ എന്ന് പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിയ്ക്കുന്നത്.ലൈംഗിക തൊഴിലാളികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ഭീതിയാണ് അപരിചിതത്വം. അപരിചിതമായ മേഖലകളിൽ നിന്നും അപരിചിതമായ സ്ഥലത്തു നിന്നുമാണ് പലപ്പോഴും ഇവർക്കൊപ്പം ഇടപാടുകാർ എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന സാഹചര്യത്തിലാണ് പലപ്പോഴും ലൈംഗിക തൊഴിലാളികൾ വഴങ്ങിക്കൊടുക്കേണ്ടി വരുന്നത്.
ഇത്തരക്കാരിൽ നിന്നും കൊവിഡ് രോഗം പടരാനുള്ള സാധ്യത ഏറെയാണ്,നളിനി ജമീല വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ അപരിചിതമായ ആളുകളുമായി ലൈംഗിക ബന്ധം ഏർപ്പെടാൻ ആളുകൾ പൊതുവേ തയ്യാറാകുന്നില്ല. ഇത് തന്നെയാണ് ഇപ്പോൾ കൊവിഡ് കാലത്ത് ലൈംഗിക തൊഴിലാളികളുടെ ജീവിതം പട്ടിണിയിൽ ആക്കിയത്.
പലരും ലൈംഗിക തൊഴിലിനായി തയ്യാറായി രംഗത്ത് എത്തുന്നില്ല. കൊവിഡ് ഭീതിയും, കൊവിഡ് ബാധിച്ചാൽ റൂട്ട് മാപ്പ് എടുക്കുന്നതുമാണ് ഇപ്പോൾ ഇത്തരക്കാരെ ഭയപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ കൊവിഡ് കാലം ലൈംഗിക തൊഴിലാളികൾക്കു പട്ടിണിക്കാലമാണ്.
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത്
റേഷന്‍ കാര്‍ഡില്ലെങ്കിലും അംഗീകൃത ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നൽകിയിരുന്നു. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ജില്ലാ അധികൃതരും അംഗീകരിച്ച ലൈംഗിക തൊഴിലാളികള്‍ക്കാണ് കൊവിഡ് കാലത്ത് മതിയായ രേഖകള്‍ ഇല്ലെങ്കിലും റേഷന്‍ ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് ഈ മാസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.