രാജ്യത്ത് കൊവിഡ് കേസുകള്‍ രണ്ട് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 8909 പേര്‍ക്ക്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷവും കടന്ന് മുന്നോട്ട്. 207615 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 8909 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 270 പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധയേറ്റ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5815 ആയി.
കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേക്ക് എത്താനെടുത്തത് 15 ദിവസമാണ്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 110ആം ദിവസമാണ് സംഖ്യ ഒരു ലക്ഷം കടന്നത്. രണ്ട് ലക്ഷമാകുന്നത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 125ആം ദിവസമാണ്. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 50 ശതമാനത്തിലേക്ക് അടുക്കുകയാണ്.
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 72,000വും ഡല്‍ഹിയില്‍ 22000വും കടന്നു. കൊവിഡ് കണക്കുകള്‍ കൃത്യമല്ലെന്ന പരാതി ഉയരുന്നതിനിടെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായ്ജാല്‍ നേരിട്ട് ഇടപെട്ടു. രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. സെറോ സര്‍വേയുടെ ഫലം അടുത്ത ആഴ്ച്ച പുറത്തുവരുമ്പോള്‍ രാജ്യത്തെ കൊവിഡ് വ്യാപനം വ്യക്തമാകുമെന്ന് ഐസിഎംആര്‍ അറിയിച്ചു.
മെയ് പത്തൊന്‍പതിനാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നത്. ഇപ്പോള്‍ 8000ല്‍ അധികം കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. സമൂഹവ്യാപനമുണ്ടെന്ന് ഇതുവരെ അംഗീകരിച്ച് മുന്നോട്ടുപോകാത്തതില്‍ ആരോഗ്യവിദഗ്ധര്‍ അടക്കം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന സെറോ സര്‍വേയുടെ ഫലം അടുത്ത ആഴ്ച്ച വരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയാകുമെന്നാണ് ഐസിഎംആര്‍ നിലപാട്. പരിശോധനകളുടെ എണ്ണം കാര്യക്ഷമമല്ലെന്നും വിവിധ കോണുകളില്‍ നിന്ന് പരാതി ഉയരുന്നുണ്ട്. പ്രതിദിനം ശരാശരി ഒരു ലക്ഷത്തി ഇരുപതിനായിരം സാമ്പിളുകള്‍ പരിശോധിക്കുന്നുവെന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
തമിഴ്നാട്ടില്‍ ആകെ കൊവിഡ് കേസുകള്‍ 24,586ഉം മരണം 197ഉം ആയി. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1298 പോസിറ്റീവ് കേസുകളും 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 22132ഉം മരണം 556ഉം ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 415 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 17,632ഉം മരണം 1092ഉം ആയി.