ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,03,832 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 25,000 കടന്നു. 25602 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചത്.
24 മണിക്കൂറിനിടെ 34,956 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസും 30,000 ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 687 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 635757 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 342473 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്രയില്‍ ഇന്നലെ 8,641 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ്. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,84,281 ആയി. 266 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. അതിനിടെ, 5,527 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,58,140 ആയി.
55.63 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു. സംസ്ഥാനത്ത് നിലവില്‍ 7,10,394പേര്‍ ഹോം ക്വാറന്റൈനിലും 42,833 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും കഴിയുന്നുണ്ട്. മുംബൈയില്‍ തന്നെയാണ് ഇന്നലെ ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.