ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. 24 മണിക്കൂറിനിടെ 32,685 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 606 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 9,68,876 ആയി. 6,128,15 പേര്‍ രോഗമുക്തരായി. 3,31,146 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
മഹാരാഷ്ട്രയില്‍ ബുധനാഴ്ച 7,975 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,75,640 ആയി. 233 പേര്‍ ബുധനാഴ്ച കൊവിഡ് ബാധിച്ച് മരിച്ചു. അതിനിടെ, 3,606 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,52,613 ആയി. 55.37 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.
സംസ്ഥാനത്ത് മുംബൈയില്‍ തന്നെയാണ് ഇന്നും ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ 1,390 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 62 പേര്‍ മരിക്കുകയും ചെയ്തു. 96,253 പേര്‍ക്കാണ് മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു. സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,51,820 പേര്‍ക്കാണ്. ഇതില്‍ 1,02,310 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. സംസ്ഥാനത്ത് ഇന്ന് 68 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 2167 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.