പത്തനംതിട്ട: കോവിഡ്-19 സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇവര്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനാ ഫലത്തില്‍ വ്യക്തമായെന്ന് അറിയിച്ചത്.
ഇന്നലെ റിസല്‍ട്ട് വന്ന പത്തുപേരുടെ ഫലവും നെഗറ്റീവായിരുന്നു. നിലവില്‍ ലഭിച്ച ഫലങ്ങള്‍ നെഗറ്റീവ് ആയതിനാല്‍ പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും. ജില്ലയുടെ ചുമതലയുളള മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ കോവിഡ് 19 സ്ഥിരീകരിക്കുമ്പോഴും ആശ്വാസകരമായ വാര്‍ത്തകളാണ് പത്തനംതിട്ടയില്‍ നിന്ന് വരുന്നത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചെങ്കിലും രണ്ടുദിവസമായി ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.