കൊച്ചി: തീവ്രവ്യാപന ക്ലസ്റ്ററുകള്‍ക്ക് പുറമെ സമീപപ്രദേശങ്ങളിലും സമ്പര്‍ക്കരോഗ വ്യാപനം വര്‍ധിച്ചതോടെ എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 656 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ആലുവ, കീഴ്മാട്, ചെല്ലാനം ക്ലസ്റ്ററുകളിലാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുതല്‍.
ക്ലസ്റ്ററുകള്‍ക്ക് പുറമെ സമീപ പ്രദേശങ്ങളിലെ രോഗവ്യാപനവും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഇന്നലെ 51 സമ്പര്‍ക്കരോഗബാധയാണ് ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 35 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കീഴ്മാടിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ക്ലസ്റ്ററുകള്‍ക്ക് പുറമെയുള്ള വൈറസ് വ്യാപനത്തില്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് ജില്ലാഭരണകൂടം. വ്യാപന തീവ്രത കൂടുതല്‍ ഉള്ള പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
ആലുവ നഗരസഭ, കീഴ്മാട് പഞ്ചായത്ത് എന്നിവയ്ക്ക് പുറമെ ആലങ്ങാട്, ചൂര്‍ണിക്കര, കരുമാല്ലൂര്‍ പഞ്ചായത്തുകളും പൂര്‍ണമായും അടച്ചു. കൊച്ചി നഗരത്തിലെ പാലാരിവട്ടത്തും എളംകുളത്തും ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ പരമാവധി വര്‍ധിപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ചും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ആന്റിജന്‍, ആന്റിബോഡി പരിശോധനകളും സുരക്ഷാ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തും.