കൊവിഡ് കാലത്ത് പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന ഗ്രാമം

ജക്കാര്‍ത്ത:കൊവിഡ് രോഗബാധയില്‍ നിന്നും രക്ഷപ്പെടാന്‍ ലോകമാകമാനം അംഗീകരിച്ച പ്രതിരോധ നടപടിയാണ് ലോക്ക് ഡൗണും സാമൂഹ്യ അകലവും. വിവിധ രാജ്യങ്ങളില്‍ ഇതിനകം കര്‍ശനമായ അടച്ചുപൂട്ടല്‍ നടപടകള്‍ കൈക്കൊണ്ടും കഴിഞ്ഞു. എന്നാല്‍ ഭരണകൂടങ്ങളുടെ കടുത്ത നിയന്ത്രണങ്ങള്‍ മറി കടന്ന് എല്ലായിടത്തും ജനം തെരുവുകളില്‍ ഇറങ്ങുന്നുണ്ട്.

ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തില്‍ കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കാത്ത നാട്ടുകാരെ ഭയപ്പെടുത്താന്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത് പൊലീസുകാരല്ല പ്രേതങ്ങളാണ്. ക്വാറന്റൈന്‍ കാലത്ത് സാമൂഹിക അകലം പാലിക്കാതെ പുറത്തിറങ്ങുന്നയാളുകളെ പേടിപ്പിക്കാന്‍ പ്രേതരൂപങ്ങളെ ഇറക്കിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ഗ്രാമം. ജനങ്ങളുടെ ക്വാറന്റൈന്‍ ജീവിതം ഉറപ്പുവരുത്താനാണ് സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ച് ഇത്തരമൊരു രീതി അവലംബിക്കുന്നത്.

സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ നിയോഗിച്ച സന്നദ്ധപ്രവര്‍ത്തകര്‍ പ്രേതരൂപത്തില്‍ പോക്കോങ്ങുകളായി തെരുവില്‍ ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഇന്തോനേഷ്യന്‍ ഐതിഹ്യ പ്രകാരം മരിച്ചവരുടെ ആത്മാക്കളെ പ്രതിനിധീകരിക്കുന്ന പ്രേതരൂപങ്ങളെ പോക്കോങ് എന്നാണ് പറയുന്നത്. സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ പ്രേതരൂപത്തില്‍ പോക്കോങ്ങുകളായി തെരുവില്‍ ഇരിക്കുന്ന ചിത്രം റോയിട്ടേഴാണ് പുറത്ത് വിട്ടത്. പേടിപ്പിക്കാനായി പ്രേതങ്ങളെ നിയോഗിച്ചെങ്കിലും വിപരീത ഫലമാണ് ഇപ്പോള്‍ ഉണ്ടാവുന്നത്.

പ്രേത വൊളണ്ടിയരുടെ ഫോട്ടോ എടുക്കാന്‍ ചെന്ന ഫോട്ടോഗ്രാഫര്‍ കണ്ടത് പ്രേതങ്ങളെ കാണാന്‍ വേണ്ടി മാത്രമായി പുറത്തിറങ്ങിയ ആളുകളെയാണ്.എന്നാല്‍ പോക്കോങ്ങുകള്‍ വന്നതോടെ രക്ഷിതാക്കളും കുട്ടികളും പുറത്തിറങ്ങാതായെന്ന് നാട്ടുകാരനായ കര്‍നോ സുപാദ്മോ പറഞ്ഞു.കവലയില്‍ കൂട്ടംകൂടി നില്‍ക്കുന്നതും ഒഴിവായിട്ടുണ്ട്. ”ജനങ്ങള്‍ കൊവിഡിനെ കുറിച്ച് തീരെ ബോധവാന്‍മാരല്ല. അവര്‍ക്ക് തീരെ ജാഗ്രതയില്ല. അതിനാല്‍ വീട്ടിലിരിക്കണമെന്ന നിര്‍ദേശത്തെ തീരെ. ഗൗരവമായെടുക്കുന്നില്ല അവര്‍”, കെപു ഗ്രാമത്തലവന്‍ പറയുന്നു.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ ഇതുവരെ രാജ്യത്ത് ലോക്കഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാന്‍ പോലീസുകാര്‍ വൈറസ് ഹെല്‍മറ്റ് ധരിച്ച് വരുന്ന രീതി ഇന്ത്യയില്‍ ചിലയിടങ്ങളിലുണ്ട്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്കു പ്രകാരം ഇന്തോനേഷ്യയില്‍ ഇതുവരെ 4500 കേസുകളാണ് സ്ഥിരീകരിച്ചത്. 400 പേര്‍ മരിച്ചു. എന്നാല്‍ ഇതിനേക്കാളും എത്രയോ വലുതാണ് ഇവിടുത്തെ കണക്കുകള്‍ എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.