കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്. ജയില്‍ ഡിജിപിക്കും സൂപ്രണ്ടിനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശബ്ദ സന്ദേശം പുറത്ത് വന്നത് അന്വേഷിക്കാന്‍ പ്രത്യേക പരാതി സമര്‍പ്പിക്കാന്‍ കോടതി സ്വപ്നയോട് ആവശ്യപ്പെട്ടു.
തന്റെ ജീവന് സംരക്ഷണം വേണമെന്ന് കാണിച്ച സ്വപ്ന കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. രഹസ്യമൊഴി നല്‍കരുതെന്ന നിലയിലാണ് ഭീഷണി. ഉന്നത സ്വാധീനമുള്ളവരുടെ പേരുകള്‍ പറയരുതെന്നും ഭീഷണിയുണ്ടായിരുന്നു. ജയിലിനുള്ളില്‍ വച്ച് ഭീഷണി ഉണ്ടായെന്നും ചിലര്‍ കസ്റ്റഡിയില്‍ തന്നെ ഭീഷിപ്പെടുത്തുന്നുവെന്നും സ്വപ്ന പറഞ്ഞു.
കസ്റ്റംസിനെക്കുറിച്ച് പരാതിയില്ലെന്നും സംരക്ഷണം വേണമെന്നതാണ് ആവശ്യമെന്നും സ്വപ്ന പറഞ്ഞു. തന്റെ അറിവില്ലാതെ ചില കാര്യങ്ങള്‍ മുന്‍പ് ഓഡിയോ ക്ലിപ്പായി പുറത്ത് വന്നിട്ടുണ്ടെന്നും, ഐപിസി 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയുടെ സാഹചര്യത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്നും സ്വപ്ന കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ്.