കുമരകം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു;അനാഥരായി കുരുന്നുകൾ
കുമരകം: കോട്ടയം – കുമരകം റോഡിൽ കാർ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. ഇന്നലെ വൈകിട്ട് 4.50ന് കൈപ്പുഴമുട്ട് പാലത്തിനും ചീപ്പുങ്കൽ പാലത്തിനും ഇടയിലാണ് അപകടം. കുടവെച്ചൂർ കിടങ്ങലശേരി ജെഫിൻ കെ.പോൾ (36), ഭാര്യ സുമി രാജു (32) എന്നിവരാണു മരിച്ചത്. ബൈക്കിൽ ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന മൂത്ത മകൻ ആൽഫിൻ (4) വലതു കാൽ ഒടിഞ്ഞ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മകൾ ആൽഫിയയ്ക്ക് (ഒരു വയസ്സ്) പരുക്കില്ല.
കുമരകം ഭാഗത്തുനിന്നു വന്ന ബൈക്കിൽ കൈപ്പുഴമുട്ട് പാലം കടന്നുവന്ന കാർ ഇടിക്കുകയായിരുന്നു. ജെഫിനും സുമിയും മക്കളും റോഡിലേക്കു തെറിച്ചു വീണു. കുമരകം പൊലീസെത്തി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രിയോടെ ജെഫിനും സുമിയും മരിച്ചു.
ജെഫിൻ ഒരു വർഷമായി മല്ലപ്പള്ളിയിലെ സുമിയുടെ വീട്ടിലാണു താമസം. ജെഫിന്റെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ടു കുടുംബവീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനാണു വെച്ചൂരിലേക്ക് വന്നത്. കാറിൽ ഡ്രൈവർ മാത്രമേയുണ്ടായിരുന്നുള്ളൂ. ഡ്രൈവറെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വീട്ടിലെ ആഘോഷത്തിലേക്കുള്ള യാത്രയുടെ പാതിവഴിയിലാണ് ജെഫിനും സുമിയും ജീവിതത്തിൽ നിന്നു മടങ്ങുന്നത്. നെബു–പൊന്നമ്മ ദമ്പതികളുടെ മകനായ ജെഫിൻ തന്റെ ഏക സഹോദരൻ സ്റ്റെഫിന്റെ വിവാഹം സംബന്ധിച്ച ചടങ്ങുകൾക്കു വേണ്ടിയാണ് മല്ലപ്പള്ളിയിൽ നിന്നു കുടുംബവീട്ടിലേക്കു പുറപ്പെട്ടത്. എന്നാൽ എതിരെ വന്ന കാർ ഇവരുടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. മാതാപിതാക്കളുടെ സ്നേഹക്കരുതൽ നാലു വയസ്സുകാരൻ ആൽഫിനും ഒരു വയസ്സുകാരി ആൽഫിയയ്ക്കും ഇല്ലാതായി. അപകടത്തിൽ നിന്നു പരുക്കില്ലാതെ രക്ഷപ്പെട്ട ആൽഫിയ എന്താണു സംഭവിച്ചത് എന്നറിയാതെ ബന്ധുക്കൾക്കൊപ്പമാണ്.
മരണത്തിനു കീഴടങ്ങും മുൻപ് സുമി പേരും വിവരവും പൊലീസിനെ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഉടൻ എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥൻ വി.എസ്.മഹേഷാണ് ഇവരുടെ വിവരം പറയാനാകുമോ എന്നു നോക്കിയത്. ജെഫിൻ കഠിനമായ വേദന കൊണ്ടു പുളയുന്ന അവസ്ഥയിലായിരുന്നെന്നു മഹേഷ് പറഞ്ഞു. ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റി. സുമിയാണ് എല്ലാവരുടെയും പേരു പറഞ്ഞത്. പിന്നീടു സുമിയെയും വെന്റിലേറ്ററിലേക്കു മാറ്റി. ദമ്പതികളുടെ തുടയെല്ല് ഒടിഞ്ഞുനുറുങ്ങിയ നിലയിലായിരുന്നു. ആശുപത്രിയിൽ എത്തി ഒരുമണിക്കൂറിനു ശേഷം മരണം സ്ഥിരീകരിച്ചതായി അറിഞ്ഞെന്നും മഹേഷ് പറഞ്ഞു.