മോഡലിംഗിന്റെ മറവില്‍ പെണ്‍വാണിഭം; തൃശൂരില്‍ ദമ്പതികള്‍ പിടിയിലായപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, വലയിലായത് നിരവധി പെണ്‍കുട്ടികള്‍
ചാലക്കുടി: അഷ്ടമിച്ചിറയിലെ പെണ്‍കുട്ടിയെ വശീകരിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍. പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായ അന്നമനട വാഴേലിപ്പറമ്പില്‍ അനീഷ്‌കുമാര്‍(45), ഇയാളുടെ ഭാര്യ അനുജ എന്ന ഗീതു(33) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്ത് വന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.
മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സംഘം വശീകരിച്ചത്. മോഡലിംഗിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ആലുവയില്‍ പെണ്‍കുട്ടിയെ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ വീഡിയോയും മറ്റും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ വീണ്ടുമെത്തിച്ച് വിവിധ ആളുകള്‍ക്കു പണത്തിനായി വില്‍ക്കുകയായിരിന്നു.
മോഡലിംഗിന്റെ ആവശ്യത്തിനെന്നുപറഞ്ഞ് എടുത്ത ഫോട്ടോകളാണ് ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്. ആവശ്യക്കാരില്‍നിന്നും വന്‍ തുകയാണ് ഇവര്‍ ഈടാക്കിയിരുന്നത്. മാനസികമായി തകര്‍ന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് പ്രതികള്‍ വലയിലായത്.
ആസൂത്രിതമായ നീക്കത്തിലാണ് സംഭവത്തിലെ മുഖ്യ കണ്ണികളായ ദമ്പതികളെ പോലീസ് കുടുക്കിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വന്‍ വാണിഭസംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.