ഹൈദരാബാദ്: തെലങ്കാനയില്‍ മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കുള്ള പുരസ്കാരം നേടിയ ശേഷം കൈക്കൂലിക്കേസില്‍ അറസ്റ്റിലായി വാര്‍ത്തകളില്‍ നിറഞ്ഞ തഹസീല്‍ദാറുടെ ഭര്‍ത്താവും കൈക്കൂലിക്കേസില്‍ പിടിയില്‍. ഹൈദരാബാദ് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് റീജിയണല്‍ ഡയറക്ടറുടെ ഓഫീസിലെ സൂപ്രണ്ട് നുനാവത് വെങ്കിടേശ്വര നായിക് ആണ് അറസ്റ്റിലായത്. ഓഫീസില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് 2.5 ലക്ഷം രൂപ നായിക് ആവശ്യപ്പെട്ടെന്നാണ് പരാതി.
വംഗാല രണ്‍ധീര്‍ എന്നയാളാണ് പരാതി നല്‍കിയത്. ഇടനിലക്കാരന് കണ്ഡുകുരി പ്രകാശ് എന്ന ഇടനിലക്കാരന് മുഖേനയാണ് നായിക് പണം കൈപ്പറ്റിയത്. ജോലി സ്ഥിരമാകാനും പിഎഫ് അടക്കുമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനും ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്വാധീനിക്കാനെന്നപേരില് 40,000 രൂപ കൂടി നായിക് ആവശ്യപ്പെട്ടു. ഇതോടെയാണ് രണ്‍ധീര്‍ പരാതി നല്‍കിയത്.ഭൂമി സംബന്ധമായ രേഖകളില്‍ തിരുത്തുവരുത്തുന്നതിന് കൈക്കൂലി മേടിക്കുന്നതിനിടെയാണ് രണ്ടു മാസംമുമ്ബ് നായികിന്റെ ഭാര്യ ലാവണ്യ അറസ്റ്റിലായത്.
രണ്ട് വര്‍ഷം മുന്‍പ് തെലങ്കാനയിലെ മികച്ച തഹസില്‍ദാര്‍ക്കുള്ള പുരസ്കാരം നേടിയ റവന്യു ഉദ്യോഗസ്ഥയാണ് ലാവണ്യ. കീഴുദ്യോഗസ്ഥനായ അന്തയ്യ ഒരു കര്ഷകനില് നിന്നു നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതു പിടികൂടിയതോടെയാണ് ലാവണ്യയിലേക്ക് അന്വേഷണം നീണ്ടത്. ലാവണ്യയ്ക്ക് അഞ്ച് ലക്ഷവും മൂന്നു ലക്ഷം തനിക്കും എന്ന നിലയില്‍ ആകെ എട്ടു ലക്ഷം രൂപ നല്‍കണമെന്ന് അന്തയ്യ കര്‍ഷകനോട് ആവശ്യപ്പെട്ടു.മുന്‍പ് 30,000 രൂപ അന്തയ്യക്ക് കൈക്കൂലി നല്‍കിയതിനു പിന്നാലെ എട്ടു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ കര്ഷകന് അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് അന്തയ്യ നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് നേരിട്ടു പിടികൂടിയ അഴിമതി വിരുദ്ധ ബ്യൂറോ, ലാവണ്യയെ ചോദ്യം ചെയ്തു. കൈക്കൂലി വാങ്ങിയതില്‍ തനിക്കു പങ്കില്ലെന്ന് ലാവണ്യ നിലപാടെടുത്തതോടെ അവരുടെ വസതിയില്‍ റെയ്ഡ് നടത്തി.ഹൈദരാബാദ് ഹയാത്നഗറിലെ ഇവരുടെ വീട്ടില്‍നിന്നും 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും റെയ്ഡില്‍ പിടിച്ചെടുത്തു. 45 സ്വകാര്യ സ്വത്തുക്കളുടെ രേഖകളും ഒന്‍പതു പാസ്ബുക്കുകളും കാറില്‍നിന്നു കണ്ടെടുക്കുകയും ചെയ്തു. ഇതോടെയാണ് ഇവർ അറസ്റ്റിലായത്