കൊറോണ:സംസ്ഥാനത്ത് 732 പേര്‍ നിരീക്ഷണത്തില്‍; 14 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
തിരുവനന്തപുരം: 94 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 732 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 729 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 14 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
29.02.2020ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ 3 പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2 പേര്‍ക്കും കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. 28.02.2020ന് QR 126 വെനിസ്-ദോഹ ഫ്‌ലൈറ്റിലോ 29.02.2020ന് QR 514 ദോഹ-കൊച്ചി ഫ്‌ലൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍, വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനും അവരുടെ താമസ സ്ഥലങ്ങളില്‍ പൊങ്കാല നടത്താനും അഭ്യര്‍ത്ഥിക്കുന്നു. അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്റെയും അവരുടെ കുടുംബത്തിന്റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാര്‍ത്ഥ പ്രാര്‍ത്ഥനയാണ്.
2. ഹാന്‍ഡ് റെയിലിംഗുകള്‍ (ഉദാ: ആരാധനാലയങ്ങളിലെ ക്യൂ സമ്പ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള കമ്പി) കഴിയുന്നിടത്തോളം തൊടരുത്. റെയിലിംഗ് പോലുള്ള സ്ഥലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കൈ കഴുകുക.
3. ദര്‍ശനത്തിനായി തിരക്കുകൂട്ടരുത്. പിന്നില്‍ നിന്നും മുന്നില്‍ നിന്നും വ്യക്തിയില്‍ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവില്‍ പോകുക.
4. ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക.
5. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
6. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കില്‍ വൃക്കകരള്‍ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവര്‍ ദര്‍ശനം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം.
7. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക.