28.9 C
Kottayam
Tuesday, May 14, 2024

കൊറോണ: തൃശൂരിലെ വിദ്യാർഥിനിയുടെ നില തൃപ്തികരം,ചൈനയിൽനിന്നെത്തിയവർ സ്വമേധയാ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യണം-മന്ത്രി കെ.കെ. ശൈലജ ടീച്ചർ

Must read

തൃശൂർ: നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ വ്യാഴാഴ്ച അർധരാത്രിയിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

സംസ്ഥാനത്ത് ഇതുവരെ 1053 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1038 പേർ വീടുകളിലും 15 പേർ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഏറ്റവും കൂടുതൽ പേർ കോഴിക്കോട് ജില്ലയിലാണ്-166. തൃശൂർ ജില്ലയിൽ 76 പേരും മലപ്പുറത്ത് 154 പേരും എറണാകുളത്ത് 153 പേരും നിരീക്ഷണത്തിലാണ്. കൊല്ലം 100, തിരുവനന്തപുരം 83, പാലക്കാട് 64, പത്തനംതിട്ട 32, ഇടുക്കി 14, കോട്ടയം 32, ആലപ്പുഴ 54, വയനാട് 16, കണ്ണൂർ 61, കാസർകോട് 48 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് മന്ത്രി പറഞ്ഞു.

 

 

ചൈനയിൽനിന്നെത്തിയവർ സ്വമേധയാ ആരോഗ്യ വകുപ്പിന്
റിപ്പോർട്ട് ചെയ്യണം-മന്ത്രി കെ.കെ. ശൈലജ ടീച്ചർ

നോവൽ കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി തൃശൂരിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽനിന്നെത്തിയവർ സ്വമേധയാ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ വ്യാഴാഴ്ച അർധരാത്രിയിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

ചൈനയിൽനിന്ന് വന്നവർ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ 28 ദിവസം കർശനമായ ഹോം ക്വാറൻൈറൻ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. 14 ദിവസമാണ് കൊറോണ വൈറസിന്റെ ഇൻക്യുബേഷൻ കാലയളവ്. ഹോം ക്വാറൻൈറൻ ലളിതമാവരുത്. ഈ കാലയളവിൽ പൊതു ഇടങ്ങളിൽ സമ്പർക്കം നടത്തരുത്. ശരീരസ്രവം മറ്റുള്ളവരുടെ മേൽ പതിയാതിരിക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
നിലവിൽ പൂനെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചാണ് പരിശോധിക്കുന്നത്. ഇതിന് രണ്ട് ദിവസം എടുക്കുന്നുണ്ട്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിന് താൽക്കാലിക സംവിധാനം ഏർപ്പെടുത്താൻ അഭ്യർഥിച്ചിട്ടുണ്ട്.

 

ഇതുവരെ 20 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 15 കേസും നെഗറ്റീവ് ആണ്. വുഹാനിൽനിന്ന് വന്ന ഒരു കേസ് മാത്രമാണ് പോസിറ്റീവ്. ചൈനയിൽനിന്നെത്തിയ 11 പേരാണ് തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ ഏഴ് പേർ തൃശൂർ ഗവ. മെഡിക്കൽ കോളജിലും രണ്ട് പേർ ജില്ലാ ജനറൽ ആശുപത്രിയിലുമാണ്.
നിപ്പയുടെ അത്രയും മരണനിരക്ക് കൊറോണയ്ക്ക് ഇല്ലെങ്കിലും ലക്ഷണങ്ങൾ പ്രകടിപ്പിക്കുംമുമ്പേ രോഗം വ്യാപിക്കുന്നുവെന്നതാണ് ആശങ്കാജനകം. അതിനാൽ നിപ്പയേക്കാൾ കൂടുതൽ ഭയക്കണം. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും താലൂക്ക് ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ ഐ.സി.യു സൗകര്യത്തോടെ 20 മുറികൾ കൊറോണ ലക്ഷണങ്ങൾ ഉള്ളവർക്കായി മാറ്റിവെച്ചിട്ടുണ്ട്.

 

കൊറോണ കേസുകൾ കൈകാര്യം ചെയ്യാനായി മെഡിക്കൽ ബോർഡ് രൂപീകരിക്കും.
കൊറോണ ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രികളിൽ വന്നാൽ എങ്ങിനെ ശുശ്രൂഷിക്കണം, സുരക്ഷാ ഉപകരണങ്ങൾ എങ്ങിനെ ധരിക്കണം എന്നിവ സംബന്ധിച്ച് മിക്ക ആശുപത്രികളിലും ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ശേഷിച്ചവർക്ക് വെള്ളിയാഴ്ച പരിശീലനം നൽകും. ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ശേഖരിച്ചുവെക്കാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ സഹായം കൂടി തേടുന്നതിനായി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിപുലമായ യോഗം ചേരും. വിവിധ സർക്കാർ വകുപ്പുകളുടെ യോഗവും വെള്ളിയാഴ്ച ചേരും.

 

കൊറോണ ബാധ സംബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട് ഏഴിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week