കൊറോണ; നീരീക്ഷത്തിലിരുന്ന പെരുമ്പാവൂര്‍ സ്വദേശിയ്ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു
കൊച്ചി: കൊറോണ രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ രോഗിയുടെ രക്തസാമ്പിളിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഇയാള്‍ക്ക് എച്ച്വണ്‍എന്‍വണ്‍ ആണെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കൊച്ചിയില്‍ എത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ പുതിയ കണക്കുകള്‍ പ്രകാരം കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. 72 പേരാണ് കോഴിക്കോട് ചികിത്സയിലുള്ളത്. ഇവരെല്ലാവരും വീടുകളിലാണ്. എറണാകുളത്ത് നിരീക്ഷണത്തിലുള്ള 54 പേരില്‍ 3 പേര്‍ ആശുപത്രികളിലാണ്. മലപ്പുറത്ത് ചൈനയില്‍ നിന്ന് മടങ്ങിയെത്തിയയാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച്ച പേരാവൂരില്‍ മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ നാലു പേര്‍ കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വഴിയാണ് എത്തിയത്. ഇവരും നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി പ്രത്യേക പട്ടിക ആരോഗ്യവകുപ്പ് ജില്ലകളില്‍ തയറാക്കുകയാണ്.
വിവരങ്ങള്‍ രേഖപ്പെടുത്തി ഇടപെടല്‍ എളുപ്പമാക്കുന്നതിനാണിത്. ഇത്തരത്തില്‍ മടങ്ങിയെത്തുന്നവര്‍ പൊതു ഇടങ്ങളില്‍ പോകാനോ ഇടപഴകാനോ പാടില്ലെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 28 ദിവസത്തേക്കാണ് ഇവരെ നിരീക്ഷിക്കുക.