തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കടുത്ത മുന്‍കരുതലുകളുമായി മുന്നോട്ട് പോകുകയാണ് ആരോഗ്യ വകുപ്പ്. ഇതിനിടെ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ള വിദ്യാര്‍ത്ഥിനിക്കൊപ്പം തൃശൂരില്‍ എത്തിയ പെണ്‍കുട്ടി പനി പിടിപെട്ടിട്ടും ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ പ്രാര്‍ത്ഥനയുമായി കഴിഞ്ഞത് മെഡിക്കല്‍ സംഘത്തെ വെട്ടിലാക്കി.
ചൈനയില്‍ നിന്നും തിരികെ എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് പനി ബാധിച്ചത്. എന്നാല്‍ ഡോക്ടര്‍മാരെ കാണാനായി വിദ്യാര്‍ത്ഥിനി തയ്യാറായില്ല. തുടര്‍ന്ന് മെഡിക്കല്‍ സംഘം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനിയും വീട്ടുകാരും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ നേരിട്ട് വീട്ടില്‍ വന്ന് മൂന്ന് മണിക്കൂര്‍ ബോധവത്കരണം നടത്തിയ ശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്. ബോധ വത്കരണത്തിനു ശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കില്‍ അറസ്റ്റു ചെയ്യാന്‍ ആയിരുന്നു നീക്കം.
രോഗം സ്ഥിരീകരിച്ച പെണ്‍ കുട്ടിയുടെ കൂടെ വന്നവരുടെ പട്ടിക എടുത്തപ്പോള്‍ ആണ് ഈ വിദ്യാര്‍ഥിനിയെ കുറിച്ചു വിവരം ലഭിച്ചത്. വിമാനത്തില്‍ പെണ്‍കുട്ടിയുടെ കൂടെ 52 പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ ഈ വിദ്യാര്‍ഥിനി മാത്രമാണ് ആശുപത്രിയില്‍ എത്താതെ ഇരുന്നത്. വിദ്യാര്‍ഥിനിയുടെ അമ്മ ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു.